ADVERTISEMENT

എല്ലാവരും പോകും, എംടിയും പോകും – അതു നമുക്കറിയാമായിരുന്നു. എന്നാൽ, മറ്റുള്ളവരെപ്പോലെയല്ല എംടി പോയത്. അദ്ദേഹത്തിന്റെ ദേഹം മാത്രമാണു പോയത്. ബാക്കിയെല്ലാം ഇവിടെത്തന്നെയുണ്ട്. അതായത്, മരണത്തിന് എംടിയെ പൂർണമായി കൊണ്ടുപോകാൻ കഴിഞ്ഞില്ല. കാരണം, എണ്ണമറ്റ മലയാളിമനസ്സുകളിൽ എംടിയുണ്ട്. അവരെ മുഴുവൻ കൂടെക്കൊണ്ടുപോകാൻ മരണത്തിനു കഴിയില്ല.

    എംടിയില്ലാത്ത പ്രഭാതമാണ് ഇനി  നമ്മൾ കാണുക. അതു സങ്കൽപിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, എംടിയുടെ കഥകൾ, നോവലുകൾ, സിനിമകൾ, പ്രഭാഷണങ്ങൾ എന്നിവയൊക്കെ ഇവിടെയുണ്ടല്ലോ. ആ ചിന്തയിൽ നമുക്ക് ആശ്വാസം കൊള്ളാം.     എംടിയെന്ന എഴുത്തുകാരനെയാണു ഞാൻ ആദ്യം അറിഞ്ഞത്. 17–ാം വയസ്സിലാണു ‘നാലുകെട്ട്’ വായിച്ചത്. അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ആ പുസ്തകം ഇപ്പോഴും മടിയിൽ തുറന്നുകിടപ്പുണ്ടെന്നു തോന്നുന്നു. എംടിയുടെ പുസ്തകങ്ങൾ വായിച്ചുതീർത്താലും തിരികെ ബുക്‌ഷെൽഫിലേക്കു പോകുന്നില്ല. നമ്മുടെ കൂടെത്തന്നെ നിൽക്കുന്നു.

എഴുത്തും ജീവിതവും വളരെ ഗൗരവത്തോടെയാണ് എംടി കണ്ടിരുന്നത്. മറ്റുള്ളവരിൽനിന്നു സൂക്ഷിച്ച അകലവും നിതാന്തമൗനവും എംടിയുടെ ആന്തരികലോകത്തെ വികസിപ്പിച്ചു. എംടിക്ക് അതിനെങ്ങനെ കഴിഞ്ഞുവെന്ന് ഞാൻ അദ്ഭുതപ്പെടാറുണ്ട്. കാരണം, നമ്മൾ ജീവിക്കുന്നത് എല്ലാറ്റിനെയും ദുരുപയോഗം ചെയ്യുന്ന കാലത്താണ്. ഭാഷ വാചാലതയായി മാറിയിരിക്കുന്നു, സിദ്ധാന്തങ്ങൾ മുദ്രാവാക്യങ്ങളായി ചുരുങ്ങിയിരിക്കുന്നു. അദ്ദേഹത്തിനു വിയോജിപ്പുള്ള ലോകത്ത് സ്വന്തമായി മറ്റൊരു ലോകം പണിയാൻ കഴിഞ്ഞു എന്നതിലാണ് എംടിയുടെ വിജയം. മുഖ്യമന്ത്രിമാർ വന്നു വിളിച്ചാൽപോലും ആ ലോകത്തിന്റെ വാതിലുകൾ തുറക്കുകയില്ലായിരുന്നു. എഴുത്തുകാരന്റെ ആത്മശുദ്ധിയും ഇച്ഛാശക്തിയും സംരക്ഷി

ക്കാനുള്ളതായിരുന്നു ആ വാതിലുകൾ. എല്ലാ പ്രലോഭനങ്ങളെയും എംടി ചെറുത്തുനിന്നു. വിമാനത്തിൽ സഞ്ചരിക്കുന്നതു മന്ത്രിമാരും സിനിമാതാരങ്ങളുമാണെന്നാണു ഞാൻ കരുതിയിരുന്നത്. ഡൽഹി ജീവിതത്തിന്റെ ആദ്യനാളുകളിൽ ഞാൻ കണ്ടത് അതായിരുന്നു. കേരളത്തിൽനിന്ന് എഴുത്തുകാർ ഡൽഹിയിൽ എത്തിയത് 3 ദിവസം ചൂടും പുകയും സഹിച്ച് തീവണ്ടിയിൽ യാത്ര ചെയ്താണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങാൻ അവർ എത്തിയതുപോലും തീവണ്ടിയിൽ യാത്ര ചെയ്ത് അവശരായാണ്.

ഒരു ദിവസം എംടി ഡൽഹിയിൽ എത്തിയതറിഞ്ഞ് ഞാൻ ഫോൺ ചെയ്തു. ‘വരൂ’ – എംടി പറഞ്ഞു. ‘എവിടെയാണ് എംടി താമസിക്കുന്നത്?’ – ഞാൻ ചോദിച്ചു. ‘അശോക ഹോട്ടലിൽ.’ എനിക്കു വിശ്വസിക്കാനായില്ല. അക്കാലത്തു വിദേശരാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ വന്നാൽ താമസിക്കുന്ന ആഡംബര പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു അശോക.

 അവിടെയാണ് കേരളത്തിൽനിന്നെത്തിയ എഴുത്തുകാരൻ താമസിക്കുന്നത്. എഴുത്തുകാരനു വിമാനത്തിൽ യാത്ര ചെയ്യാനും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാനും കഴിയുമെന്നു നമുക്കു കാണിച്ചുതന്നത് എംടിയാണ്. അദ്ദേഹം നമ്മുടെ എഴുത്തുകരുടെ ആത്മാഭിമാനത്തെ വാനോളം ഉയർത്തി.എംടി വലിയ എഴുത്തുകാരനാണ്, വലിയ തിരക്കഥാകൃത്താണ്, വലിയ പ്രഭാഷകനാണ്, വലിയ വായനക്കാരനാണ്, അതിലുപരി വലിയ മനുഷ്യനാണ്. ആ മനുഷ്യൻ എനിക്കെന്നും മാതൃകയാണ്. അദ്ദേഹത്തെപ്പോലെ എഴുതാനും ജീവിക്കാനുമാണ് ഞാൻ എന്നും ആഗ്രഹിച്ചത്. പക്ഷേ, എനിക്കതിനു കഴിയുന്നില്ല. ആർക്കു കഴിയും? പ്രിയ എംടീ, വിട പറയുന്നില്ല. കാരണം, എംടി എങ്ങും പോയിട്ടില്ലല്ലോ. ഞങ്ങളുടെ നെഞ്ചിൽ ഇരിപ്പുണ്ടല്ലോ.

English Summary:

Remembering M.T. Vasudevan Nair: M.T. Vasudevan Nair's literary legacy transcends his physical presence. His works continue to inspire and resonate with readers, solidifying his place as a cornerstone of Malayalam literature and culture.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com