നാട്ടുകഥകളിലെ എംടി; നിറയെ മിണ്ടുന്ന ആൾ
Mail This Article
അധികം മിണ്ടാത്ത ആൾ എന്നാണ് എംടിയെക്കുറിച്ച് എല്ലാവരും പറയാറ്. എന്റെ അനുഭവം നേരെ തിരിച്ചാണ്. അടുപ്പമായ ശേഷം കോഴിക്കോട് പോകുമ്പോഴെല്ലാം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു; സംസാരിക്കാറുണ്ടായിരുന്നു. എന്നോടു സംസാരിക്കുമ്പോൾ അദ്ദേഹം പിശുക്കു കാണിച്ചതായി തോന്നുന്നില്ല.
‘വൈശാലി’യുടെ ചിത്രീകരണ സമയത്താണ് എംടിയെ പരിചയപ്പെടുന്നത്. അതിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നല്ലോ എംടി. കുളമാവിൽ എംടിയുടെ മുറിയിൽ തന്നെയായിരുന്നു എനിക്കും താമസം. അദ്ദേഹം വരും മുൻപേ അവിടെ കയറിക്കൂടിയ ഞാൻ, അവിടെ ചുമരിൽ കരി കൊണ്ട് ചില ചിത്രങ്ങളൊക്കെ വരച്ചിരുന്നു. ചിത്രമെന്നു പറയാവുന്നവയായിരുന്നില്ല; ചുമർ വൃത്തികേടാക്കാൻ പോന്നവ.
എംടി എത്തിയപ്പോൾ എല്ലാ ചിത്രങ്ങളും നോക്കിക്കണ്ടിട്ടു ചോദിച്ചു: ‘ശ്രീരാമൻ വരയ്ക്കും അല്ലേ?’ എന്ന്. ഞാൻ മുക്കിയും മൂളിയും നിന്നു. അതാണ് ഞങ്ങളുടെ സംഭാഷണത്തിന്റെ തുടക്കം.
ഒരാവേശത്തിന്, ഞാൻ വൈശാലിയെക്കുറിച്ച് എനിക്കറിയാവുന്ന കുറെ കാര്യങ്ങളൊക്കെ പറഞ്ഞു. എംടി എഴുതിയ വൈശാലിയിൽനിന്നു വ്യത്യസ്തമായ കാര്യങ്ങൾ. അതെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. തർക്കിക്കാനോ തിരുത്താനോ വന്നില്ല. അന്നു പറഞ്ഞതൊക്കെ എന്തൊരു അബദ്ധമായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് ബോധ്യപ്പെട്ടത്.
ഒരു ദിവസം അദ്ദേഹം ലൊക്കേഷനിൽ വന്നു. അപ്പോൾ എന്റെ ഒരു ഡയലോഗ് ഷൂട്ട് ചെയ്യുകയായിരുന്നു. ‘പിപ്പിലാദന്റെ ഭ്രാന്തൻവാദങ്ങൾക്കു താങ്കളൊരു വൈതാളികൻ’. ഇതാണ് സംഭാഷണം. രണ്ടു തവണയും ഞാൻ പറഞ്ഞത്, ‘ഇയാളൊരു വൈതാളികൻ’ എന്നാണ്. ഭരതൻ പറഞ്ഞു, ‘താങ്കളൊരു വൈതാളികൻ’ എന്നുതന്നെ പറയണമെണ്. മൂന്നാമത്തെ ടേക്കിൽ ഓക്കെ ആയി കഴിഞ്ഞ ശേഷം എംടി പറഞ്ഞു, ‘തർക്കിക്കുമ്പോൾ ഇയാൾ എന്നൊക്കെ പറയാം. എന്നാലും മഹർഷിമാരല്ലേ..?’
എംടി സംവിധാനം ചെയ്ത സീരിയലിൽ കോന്തുണ്ണി നായരായി അഭിനയിച്ചു. പിന്നെപ്പിന്നെ ബന്ധം വളർന്നു. കഥയോ കവിതയോ ആഴ്ചപ്പതിപ്പിൽ വരണമെന്ന് ശുപാർശ ചെയ്യാത്തതിനാലും സിനിമയിൽ അവസരം ചോദിക്കാത്തതിനാലുമൊക്കെയാകാം ഞാൻ ചെല്ലുമ്പോഴൊക്കെ മുഷിച്ചിലില്ലാതെ സംസാരിച്ചിട്ടുണ്ട്. സംസാരിക്കുന്നതിൽ അത്രകണ്ട് വ്യക്തത ഉണ്ടാകും. അത് എഴുതിയെടുത്താൽ എംടിയുടെ രചനയായി. ഒരു കോമ ഉണ്ടെങ്കിൽ അതു വർത്തമാനത്തിൽ തന്നെ നമുക്ക് അനുഭവപ്പെടും. ലോക സാഹിത്യത്തെപ്പറ്റിയോ മലയാള സാഹിത്യത്തെപ്പറ്റിയോ ഞാൻ സംസാരിക്കാൻ പോയിട്ടില്ല. പുന്നയൂർക്കുളത്തെ മാമമാരുടെയും വന്നേരിയിലെ തെങ്ങിൻപറമ്പിന്റെയും വിശേഷങ്ങളും കൂടല്ലൂരെ യൂസഫ് സിമന്റ് കച്ചവടം നടത്തുന്നതിനെപ്പറ്റിയുള്ള നാട്ടുകഥകളുമാണു ഞാൻ പറയാറുള്ളത്.
ഇഷ്ടങ്ങളും സൂത്രങ്ങളും ഒക്കെ അവസാനം വരെ ഉള്ളിൽ സൂക്ഷിച്ചിരുന്ന ഒരു നാട്ടിൻപുറത്തുകാരനായിരുന്നു എംടി. കുടുംബത്തിലെ കഥകൾ അദ്ദേഹം എഴുതുമ്പോൾ അതിൽ സ്നേഹം കൊത്തിവയ്ക്കും. അനിഷ്ടക്കാരായ ആളുകൾ പോലും കഥയിൽ നന്മയുടെ, സ്നേഹത്തിന്റെ നിറകുടങ്ങളാകും. ശുപാർശകളുമായി വരുന്നവർ സ്വൈരം കെടുത്തി, അങ്ങനെ മൗനിയായി പോയതാകാം അദ്ദേഹമെന്നു തോന്നുന്നു. ഭാരതപ്പുഴയിൽ കാലുവച്ച് നിൽക്കുന്ന ഒരാളാണ് ഇന്നും എംടി. കാഞ്ഞിരക്കുന്നത്തും കൂടല്ലൂരിലും ഒക്കെയായി എംടിയെ കാണാം.
മലയാളത്തിലെ പല എഴുത്തുകാരും രൂപപ്പെട്ടുവന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ സ്നേഹം വ്യക്തം. ശ്രീരാമൻ എന്നൊരു വക്കീൽ കഥയെഴുതുന്നുണ്ടെന്ന് സംസാരത്തിനിടെ ഒരാൾ പറഞ്ഞപ്പോൾ, ആ കഥകൾ അയപ്പിച്ചുവാങ്ങി എംടി. സി.വി.ശ്രീരാമന്റെ ‘വാസ്തുഹാര’യും ‘ഇരിക്കപ്പിണ്ഡ’വും അച്ചടിച്ചുവരുന്നത് അങ്ങനെയാണ്. ആ കഥാകൃത്തിനെ പിന്നെ മലയാളം ഏറ്റുവാങ്ങിയല്ലോ. ഒട്ടേറെ പേർ കഥകളെഴുതി നൽകാൻ കാത്തിരിക്കുമ്പോഴാണു പുതിയൊരു കഥാകൃത്തിനെ കണ്ടെത്താനുള്ള ആ മനസ്സ്.
മികവുറ്റ എഴുത്തുകാർ ഇനിയുമുണ്ടായേക്കാം. എന്നാൽ, സാധാരണക്കാരെ സാഹിത്യത്തിലേക്ക് ഉപനയിച്ച, എംടിയെപോലെ ഒരാൾ ഇനിയുണ്ടാകില്ല.