ADVERTISEMENT

കൊച്ചി/കാസർകോട് ∙ രാഷ്ട്രീയപ്പക ജീവനെടുത്ത ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾക്കു നീതി ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകിയത് ഇരുവരും ജീവനെപ്പോലെ കരുതിയ കോൺഗ്രസ് പ്രസ്ഥാനം. ദാരുണമായ കൊലപാതകം നടന്ന ദിവസം മുതൽ പാർട്ടി ഇരു കുടുംബങ്ങളെയും ചേർത്തു നിർത്തി. കെപിസിസിയും കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും വിവിധ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമൊക്കെ അവർക്കായി കൈകോർത്തു നിന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോഴൊക്കെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെയും അന്നത്തെ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും നേതൃത്വത്തിൽ സമരവുമായി രംഗത്തെത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ നിരാഹാര സമരം നടത്തുമ്പോഴാണ് അനുകൂലമായി കോടതി വിധി വരുന്നത്.

കുടുംബത്തെ സഹായിക്കാ‍‌ൻ യുഡിഎഫ് കാസർകോട് ജില്ലാ കമ്മിറ്റി ഒറ്റ ദിവസംകൊണ്ട് 66 ലക്ഷം രൂപ സമാഹരിച്ചു. കൃപേഷിന്റെ കുടുംബത്തിന് വീടു വച്ചു നൽകുന്നതിന് ഹൈബി ഈഡൻ എംപിയുടെ ഇടപെടലുണ്ടായി. സഹോദരിമാരുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയിലൊക്കെ കോൺഗ്രസ് കൂടെ നിന്നു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഓർമയ്ക്കായി കല്യോട്ട് സ്മൃതി മണ്ഡപവും കോൺഗ്രസ് പണികഴിപ്പിച്ചു. കേസ് സിബിഐ ഏറ്റെടുത്തതോടെ നിയമപോരാട്ടത്തിന്റെ കളം കൊച്ചിയിലേക്കു മാറിയപ്പോൾ എറണാകുളം ജില്ലാ കമ്മിറ്റി കുടുംബങ്ങൾക്കു താങ്ങും തണലുമായി. കേസിന്റെ ആവശ്യങ്ങൾക്ക് പാർട്ടി സിബിഐ കോടതിക്കു സമീപം ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു നൽകി. 

‘2 വർഷത്തിലേറെയായി താമസം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണു ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിർദേശ പ്രകാരമാണു ഞങ്ങൾ ഇടപെട്ടത്. താമസത്തിനും പാചകത്തിനും ആവശ്യമായതെല്ലാം വാങ്ങി. വിചാരണയ്ക്കിടെ, ശരത്തിന്റെയും കൃപേഷിന്റെയും അച്ഛനമ്മമാർ പലവട്ടം വന്നു താമസിച്ചു. പ്രധാന സാക്ഷികളുടെ വിസ്താര വേളയിലും അവർ വരുമായിരുന്നു. ഞാനും ഹൈബിയുമൊക്കെ ഇടയ്ക്കിടെ അവരെ കാണാറുമുണ്ട്’ – ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ. 

കുടുംബാംഗങ്ങൾക്കു കൊച്ചിയിൽ വരുന്നതിനുള്ള യാത്രാ സൗകര്യങ്ങൾ പോലും ഏർപ്പാടാക്കിയിരുന്നുവെന്നു ഷിയാസ് പറയുന്നു.

English Summary:

Periya Murder Case: Congress party's unwavering support for Sharath Lal and Kripesh's families including financial aid, housing, and legal assistance highlighting their commitment to justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com