സിബിഐ വന്നു; സിപിഎം വെട്ടിലായി
Mail This Article
പെരിയ (കാസർകോട്) ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ഇന്നലെ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 4 സിപിഎം നേതാക്കളിൽ 3 പേരും അന്വേഷണം സിബിഐ ഏറ്റെടുത്ത ശേഷം പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടവർ. സംസ്ഥാന ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരെക്കുറിച്ച് പരാമർശം പോലും ഉണ്ടായിരുന്നില്ല. സിബിഐ അന്വേഷണത്തെ സിപിഎമ്മും സർക്കാരും ഭയന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്.
സിബിഐ പ്രതിചേർത്ത 10 ൽ 4 പേരും കുറ്റക്കാർ
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 1 മുതൽ 14 വരെ പ്രതികളെയാണ് പ്രതിപ്പട്ടികയിൽ ചേർത്ത് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ 11 വരെ പ്രതികൾ ജയിലിലും 14–ാം പ്രതി സിപിഎം ഉദുമ ഏരിയ മുൻ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ ഉൾപ്പെടെ 3 പേർ ജാമ്യത്തിലുമായിരുന്നു.
നിലവിൽ സിബിഐ ചെന്നൈ യൂണിറ്റ് എഎസ്പിയായ ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുത്ത ശേഷമാണ് 15 മുതൽ 24 വരെ പ്രതികളെ പ്രതിപ്പട്ടികയിൽ ചേർക്കുന്നത്. ഇവിടെയാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് മുൻ സെക്രട്ടറി കെ.വി.ഭാസ്കരൻ എന്നിവർ ഉൾപ്പെടുന്നത്. ഇവർക്കു പുറമേ 15–ാം പ്രതി സുരേന്ദ്രനും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.
കസ്റ്റഡിയിൽനിന്ന് പിടിച്ചിറക്കിയിട്ടും പൊലീസിന് പരാതിയില്ല
പ്രതികളെ പൊലീസിൽ ജീപ്പിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി കടന്നുകളയാൻ അവസരമൊരുക്കിയതിനും പ്രതികളെ സഹായിച്ചതിനും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനുമടക്കമുള്ള വകുപ്പുകൾ ചേർത്താണ് സിപിഎം നേതാക്കൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ തോടിനരികിൽ വസ്ത്രം കത്തിക്കുമ്പോൾ സിപിഎം നേതാവ് കെ.മണികണ്ഠൻ സ്ഥലത്തുണ്ടായിരുന്നു എന്നും സിബിഐ കുറ്റപത്രത്തിൽ ഉണ്ടായിരുന്നെങ്കിലും കോടതിയിൽ തെളിയിക്കാനായില്ല.
സിപിഎം നേതാക്കൾ പ്രതികളെ പൊലീസ് ജീപ്പിൽ നിന്ന് ഇറക്കിക്കൊണ്ട് വന്നതും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതുമെല്ലാം ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഒഴിവാക്കിയിരുന്നു. പൊലീസ് ജീപ്പിൽ നിന്ന് പ്രതികളെ ഇറക്കിക്കൊണ്ടുപോയ സംഭവത്തിൽ എഫ്ഐആർ പോലും ഇടാതിരുന്നതിന് സിഐക്കെതിരെ അന്വേഷണത്തിന് സിബിഐ ശുപാർശ ചെയ്യുകയുണ്ടായി.
ഫൊറൻസിക് പരിശോധനയും അട്ടിമറിക്കാൻ ശ്രമിച്ചു
ഫൊറൻസിക് പരിശോധന അട്ടിമറിക്കാനുള്ള ശ്രമവും ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും നടത്തി. കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങൾ ഫൊറൻസിക് സർജന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തിയില്ല. ആയുധങ്ങളുടെ വലുപ്പം, ഭാരം, രൂപം എന്നിവയും കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളും പൊരുത്തപ്പെടുന്ന നിലയിലാണ് എന്ന് ഫൊറൻസിക് സർജന് തെളിയിക്കാനായില്ലെങ്കിൽ പ്രതികൾക്ക് രക്ഷപ്പെടാമായിരുന്നു. ഇത്തരമൊരു പഴുത് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സിബിഐക്ക് വിടാനുണ്ടായ കാരണങ്ങളിലൊന്ന് ഇതായിരുന്നു. സിബിഐ അന്വേഷണ ഘട്ടത്തിലാണ് പിന്നീട് ഫൊറൻസിക് പരിശോധന നടന്നത്.
ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി റദ്ദാക്കി
ഫലപ്രദമായി അന്വേഷിച്ചില്ലെന്ന കാരണത്താൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ കുറ്റപത്രം പുനഃസ്ഥാപിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ സമ്മർദത്തിൽ പൊലീസിനു നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഒന്നാം പ്രതിയുടെ മൊഴി പരമസത്യമായി കണക്കാക്കിയെന്നതടക്കം പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി അന്വേഷണത്തിനു നേതൃത്വം നൽകിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെയും വിമർശിച്ചിരുന്നു.
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കൊല നടന്നതെന്ന പ്രോസിക്യൂഷൻ വാദം തള്ളിക്കൊണ്ടായിരുന്നു കേസ് സിബിഐക്കു വിട്ടത്. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നീതിക്കായുള്ള കണ്ണീർ കാണാതെ, പാർട്ടി നേതാക്കളെ രക്ഷിക്കാനായി സുപ്രീം കോടതി വരെ അവരെ ഓടിക്കുകയായിരുന്നു സർക്കാർ. എന്നാൽ, നീതിപീഠത്തിനു മുന്നിൽ സർക്കാരിനും സിപിഎമ്മിനും മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു.