പെരിയ ഇരട്ടക്കൊല: സിപിഎമ്മിന് കനത്ത തിരിച്ചടി; മുൻ എംഎൽഎ ഉൾപ്പെടെ 14 പേർ കുറ്റക്കാർ
Mail This Article
കൊച്ചി ∙ കാസർകോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 24 പ്രതികളിൽ സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 14 പേർ കുറ്റക്കാരെന്നു സിബിഐ കോടതി വിധിച്ചു. ഇവർക്കുള്ള ശിക്ഷ ജനുവരി 3നു പ്രഖ്യാപിക്കും.
സിബിഐ അന്വേഷണത്തിനു തടയിടുന്നതിനായി സർക്കാർ ഖജനാവിൽനിന്ന് 1.14 കോടി രൂപ ചെലവിട്ടു സുപ്രീം കോടതി വരെ പോയിട്ടും പാർട്ടി നേതാക്കളെ രക്ഷിച്ചെടുക്കാൻ കഴിയാഞ്ഞത് സിപിഎമ്മിനു കനത്ത ആഘാതമായി. കേസ് ഡയറിയും മൊഴിപ്പകർപ്പുകളും പിടിച്ചുവച്ചു സിബിഐ അന്വേഷണത്തിനു വിഘാതം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനും തിരിച്ചടിയാണ് കോടതിവിധി.
ഇരട്ടക്കൊലപാതക സമയത്ത് സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഒന്നാം പ്രതി എ.പീതാംബരൻ ഉൾപ്പെടെ 8 പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎയും നിലവിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ മുൻ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവും പനയാൽ ബാങ്ക് മുൻ സെക്രട്ടറിയുമായ കെ.വി.ഭാസ്കരൻ എന്നിവർക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതികളെ കടത്തിക്കൊണ്ടു പോയ കുറ്റമാണു തെളിഞ്ഞത്. ഈ 4 പേർക്കും നേരത്തേ ലഭിച്ച ജാമ്യത്തിൽ തുടരാം.
ഉദുമ നിയമസഭാ മണ്ഡലത്തിൽ പെരിയയ്ക്കു സമീപം കല്യോട്ട് 2019 ഫെബ്രുവരി 17നു രാത്രി 7.35നാണ് കൃപേഷ് കൃഷ്ണൻ (കിച്ചു–19), ശരത്‍ലാൽ സത്യനാരായണൻ (ജോഷി–23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കല്യോട്ട് സ്കൂൾ– ഏച്ചിലടുക്കം റോഡിൽ പ്രതികൾ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. 10 മിനിറ്റിനുശേഷം അതുവഴി വന്ന ശരത്‌ലാലിന്റെ സഹോദരി അമൃതയും ബന്ധുക്കളുമാണു റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാക്കളെ കണ്ട് ആശുപത്രിയിലെത്തിച്ചത്. രാഷ്ട്രീയ വിരോധമാണു കൊലപാതകത്തിനു കാരണമെന്നാണു സിബിഐയുടെ കണ്ടെത്തൽ.
എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.കമനീസ് ആണു വിചാരണ നടപടികൾ തുടങ്ങിയത്. പിന്നീടു ചുമതലയേറ്റ എൻ.ശേഷാദ്രിനാഥനാണു വാദം പൂർത്തിയാക്കി വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി വൈ.ബോബി ജോസഫ് ഹാജരായി. കോടതി നടപടിയിൽ തൃപ്തിയുണ്ടെന്നും വിട്ടയക്കപ്പെട്ട പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനുമായി കൂടിയാലോചിച്ചു നിയമനടപടി സ്വീകരിക്കുമെന്നും കൃപേഷിന്റെ പിതാവ് പി.വി.കൃഷ്ണനും ശരത്‌ലാലിന്റെ പിതാവ് പി.കെ.സത്യനാരായണനും പറഞ്ഞു.
സിപിഎം ഒരു കോടി തിരിച്ചടയ്ക്കണം: വി.ഡി.സതീശൻ
നെടുമ്പാശേരി ∙ സിപിഎം തീവ്രവാദി സംഘടനകളെക്കാൾ ക്രൂരമായി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന പാർട്ടിയാണെന്ന് സിബിഐ കോടതി വിധി തെളിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതികളെ സംരക്ഷിക്കാൻ പൊതുഖജനാവിൽനിന്നു ചെലവഴിച്ച ഒരു കോടിയോളം രൂപ സിപിഎം തിരിച്ചടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷിക്കാതിരിക്കാൻ നികുതിപ്പണം ചെലവഴിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. 10 പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ടെത്തിയതിനെതിരെ കുടുംബവുമായി ആലോചിച്ച് അപ്പീൽ നൽകുമെന്ന് സതീശൻ പറഞ്ഞു
മേൽക്കോടതികളെ സമീപിക്കും: ഇ.പി.ജയരാജൻ
കണ്ണൂർ ∙ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎം പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടി മേൽക്കോടതികളെ സമീപിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. നിരപരാധികളായ സഖാക്കളെ സഹായിക്കാൻ നിയമ നടപടികളുമായി സിപിഎം മുന്നോട്ടുപോകും. വെള്ളിയാഴ്ച ശിക്ഷാവിധി വന്നശേഷം തീരുമാനമെടുക്കും.
ചെയ്ത കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ
ഐപിസി 302: കൊലക്കുറ്റം (ജീവപര്യന്തം തടവുശിക്ഷ മുതൽ വധശിക്ഷ വരെ)
ഐപിസി 143: നിയമവിരുദ്ധമായി സംഘം ചേരൽ (6 മാസം തടവും പിഴയും)
ഐപിസി 147: കലാപം സൃഷ്ടിക്കൽ (2 വർഷം തടവും പിഴയും)
ഐപിസി 341: തടഞ്ഞു നിർത്തൽ (ഒരു മാസം തടവും പിഴയും)
ഐപിസി 120 ബി: ക്രിമിനൽ ഗൂഢാലോചന (എന്തു കുറ്റകൃത്യത്തിനു വേണ്ടിയാണോ ഗൂഢാലോചന നടത്തിയത് ആ കുറ്റത്തിനു ലഭിക്കുന്ന അതേ ശിക്ഷ)
10–ാം പ്രതി, 15–ാം പ്രതി എന്നിവർക്കെതിരെ 1 മുതൽ 8 വരെ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്കു പുറമേ തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും. (2 വർഷം വരെ അധിക തടവ്)