വെട്ടിയരിഞ്ഞു, ഈ വീടുകളുടെ താളം: നിത്യസ്മാരകമായി ബൂട്ടും ചെണ്ടക്കോലും
Mail This Article
പെരിയ (കാസർകോട്) ∙ വിധി കേൾക്കാൻ കൊച്ചിയിലേക്കു പുറപ്പെടും മുൻപ് കൃപേഷിന്റെ ഫുട്ബോൾ ബൂട്ടുകളെടുത്ത് അച്ഛൻ പി.വി.കൃഷ്ണൻ ഒരിക്കൽക്കൂടി നെഞ്ചോടുചേർത്തു. ‘കൃപേഷിന് അമ്മാവൻ ദുബായിൽനിന്ന് അയച്ചു കൊടുത്തതായിരുന്നു. പക്ഷേ, അതിട്ട് ഫുട്ബോൾ കളിക്കാനുള്ള യോഗം അവനുണ്ടായില്ല. ബൂട്ട് കിട്ടിയ ഉടനെയായിരുന്നു....’ അമ്മ ബാലാമണി വാക്കുകൾ മുഴുമിപ്പിക്കാനാവാതെ വിതുമ്പി. കൃഷ്ണനും കണ്ണുതുടച്ചു സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.
ബൂട്ടുകളും കൃപേഷ് മേളത്തിനു പോകുമ്പോൾ ഉപയോഗിച്ചിരുന്ന പല വലുപ്പത്തിലുള്ള ചെണ്ടക്കോലുകളും സ്വീകരണമുറിയിലെ ഷെൽഫിൽ ഇപ്പോഴും സൂക്ഷിക്കുകയാണ് ഈ അച്ഛനും അമ്മയും.
കൃഷ്ണനും ശരത്‌ലാലിന്റെ സഹോദരി അമൃതയും അച്ഛൻ സത്യനാരായണനും വിധി കേൾക്കാൻ വെള്ളിയാഴ്ചതന്നെ കൊച്ചിയിലേക്കു പുറപ്പെട്ടിരുന്നു. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും കൊച്ചിയിലാണ്. ശരത്തിന്റെ അമ്മ ലതയും കൃപേഷിന്റെ അമ്മ ബാലാമണിയും വീട്ടിൽ തന്നെയായിരുന്നു. വിധി വന്ന ശേഷം പൊട്ടിക്കരഞ്ഞ ലതയും ബാലാമണിയും പിന്നീട് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കല്യോട്ടെ ശരത്‌ലാൽ–കൃപേഷ് സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.
അമ്മയുടെ സഹോദരിയുടെ മകൻ അഖിലേഷിന്റെ ബൈക്കാണ് കൊല്ലപ്പെട്ട ദിവസം കൃപേഷ് ഉപയോഗിച്ചിരുന്നത്. അതിപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. യൂത്ത് കോൺഗ്രസും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ചേർന്ന് അഖിലേഷിനു പുതിയ ബൈക്ക് വാങ്ങി നൽകി.
അരുംകൊല പെരുങ്കളിയാട്ടത്തിന്റെ ആവേശത്തിനിടെ
കൊച്ചി ∙ ‘തിരുവോണ നാളിലെ സന്തോഷം നഷ്ടപ്പെട്ടവരാണ് ഞങ്ങൾ. ചിങ്ങത്തിലെ തിരുവോണ നാളിലായിരുന്നു ശരത്‍ലാലിന്റെ ജനനം’. ഉള്ളുവിങ്ങി പിതാവ് സത്യനാരായണൻ പറയുന്നു.
യാദവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ ‘പെരുങ്കളിയാട്ടം’ 717 വർഷങ്ങൾക്കു ശേഷം നടത്താൻ കല്ല്യോട്ടുകാർ തീരുമാനിക്കുന്നു. മതസൗഹാർദത്തിന്റെ ഉത്സവമായി ആ ചരിത്ര സംഭവം കൊണ്ടാടാനായിരുന്നു തീരുമാനം. കൃപേഷും ശരത്‌ലാലും എല്ലാറ്റിനും മുന്നിട്ടിറങ്ങി. അന്ന് 15,000 പേർക്ക് അന്നദാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണു 2 പേരും വീടുകളിലേക്കു മടങ്ങിയത്. പക്ഷേ...സത്യനാരായണന്റെ വാക്കുകൾ മുറിഞ്ഞു.
717 വർഷം മുൻപ് പെരുങ്കളിയാട്ടം എങ്ങനെ നിലച്ചുപോയെന്ന് അറിയാൻ ശരത്‍ലാൽ ഒരുപാട് അന്വേഷണം നടത്തി. 45 തെയ്യക്കോലങ്ങൾ ഒരുമിച്ച് ആടുന്ന പെരുങ്കളിയാട്ടത്തെ പറ്റി കേട്ടറിഞ്ഞ വിവരങ്ങൾ ശരത്‍ലാൽ വീട്ടിലെത്തി വിവരിക്കുമായിരുന്നു. പക്ഷേ, ലക്ഷക്കണക്കിനു പേർ സാക്ഷികളായ ആ പെരുംകളിയാട്ടം കാണാൻ അവരുണ്ടായില്ല.
സ്വന്തം സഹോദരനെ പോലെയായിരുന്നു കൃപേഷ്. 2 പേരും കൂടി വാദ്യകലാസംഘത്തിൽ ചെണ്ട പഠിച്ചിരുന്നു. ഒരുപാടു കുട്ടികളെ പഠിപ്പിക്കാനും മുൻകൈ എടുത്തു. എഴുപതിലധികം കുട്ടികളെ ശരത് ചെണ്ട അഭ്യസിപ്പിച്ചിരുന്നു.