മുണ്ടക്കൈ, ചൂരൽമല പുനരധിവാസ കർമപദ്ധതിക്ക് അടുത്ത മന്ത്രിസഭായോഗത്തിൽ അംഗീകാരം
Mail This Article
തിരുവനന്തപുരം∙ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസത്തിനുള്ള വിശദ കർമപദ്ധതിക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകും. ടൗൺഷിപ് ഉൾപ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനു പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനെ (പിഎംയു) ചുമതലപ്പെടുത്തിയേക്കും. ടൗൺഷിപ്പിനായി കണ്ടെത്തിയ എസ്റ്റേറ്റുകളുടെ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നു ഹൈക്കോടതി വിധിച്ചതോടെയാണു സർക്കാർ വേഗത്തിൽ പുനരധിവാസ പ്രവർത്തനത്തിലേക്കു നീങ്ങുന്നത്.
എം.ടി.വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെയും നിര്യാണത്തെത്തുടർന്നു കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേർന്നിരുന്നില്ല. ജനുവരി 1നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പുനരധിവാസം പ്രധാന വിഷയമാകും.
സർക്കാർ ഫണ്ടും വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായ വാഗ്ദാനങ്ങളും സംയോജിപ്പിച്ചാണു പുനരധിവാസ പദ്ധതി നടപ്പാക്കുക. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിന് പിഎംയു ആവശ്യമുണ്ടെന്നു സർക്കാർ കരുതുന്നു. ഉരുൾപൊട്ടലിന്റെ ആഘാതം നേരിട്ടു ബാധിച്ചവരെയാണ് ആദ്യഘട്ട കരടുപട്ടികയിൽ ഉൾപ്പെടുത്തിയത്.
പരാതികൾ കേട്ട് പട്ടിക തിരുത്തും. അപകടസാധ്യതയുള്ളതിനാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക രണ്ടാംഘട്ടമായി ജനുവരിയിൽ പ്രസിദ്ധീകരിക്കും. രണ്ടുഘട്ടമായാണു പുനരധിവാസമെങ്കിലും പൂർണമായ കർമപദ്ധതിയാകും തയാറാക്കുക.
സർവേ അടുത്തയാഴ്ച പൂർത്തിയാക്കും
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് നിർമാണത്തിനു കണ്ടെത്തിയ 2 എസ്റ്റേറ്റ് ഭൂമികളിലും റവന്യുവകുപ്പ് സർവേ അടുത്തയാഴ്ച പൂർത്തിയാക്കും. എച്ച്എംഎൽ കമ്പനിയുടെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയിലും കൽപറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയിലുമാണു സർവേ നടത്തുന്നത്. ഡ്രോൺ സർവേയും വിദഗ്ധ പരിശോധനയും അടക്കമുള്ള ആദ്യഘട്ട നടപടികളും ടൗൺഷിപ്പിനു മാസ്റ്റർ പ്ലാൻ തയാറാക്കുന്ന നടപടിയും നേരത്തേ തുടങ്ങിയിരുന്നു. ഇതിനിടെയാണ് എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം ഭൂമി ഏറ്റെടുക്കലിന് അനുകൂലമായ കോടതിവിധി വന്നു. ഫീൽഡ് സർവേ പൂർത്തിയാക്കി സ്കെച്ച് തയാറാക്കിയശേഷം നഷ്ടപരിഹാര നിർണയമാണ് അടുത്ത ഘട്ടം.