1.87 കോടിയുടെ ‘പുറംകരാർ’: പ്രചാരണത്തിന് 10 ഏജൻസികൾ, നവകേരള വിഡിയോകൾക്ക് ചെലവായത് 50 ലക്ഷം
Mail This Article
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ പ്രചാരണ വിഡിയോകൾ തയാറാക്കാൻ ഇതുവരെ സ്വകാര്യ ഏജൻസികൾക്കായി ചെലവിട്ടത് 1.87 കോടി രൂപ. പബ്ലിക് റിലേഷൻസ് വകുപ്പിനെ ഏൽപിച്ച 46 പരിപാടികളിൽ 28 എണ്ണമാണ് ഇത്തരത്തിൽ ‘പുറംകരാർ’ നൽകിയത്. ആകെ 5.06 കോടി രൂപയുടെ പ്രചാരണ വിഡിയോകൾ ഈ സർക്കാരിനു വേണ്ടി നിർമിച്ചതിൽ 3.14 കോടി രൂപയുടേതു സിഡിറ്റും കേരള ചലച്ചിത്ര വികസന കോർപറേഷനും ചേർന്നാണ് തയാറാക്കിയത്.
ശേഷിച്ച 28 പരിപാടികളാണു 10 ഏജൻസികൾക്കായി നൽകിയതെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു പിആർഡി വെളിപ്പെടുത്തി.കേരളീയം പരിപാടിക്കായി ആകെ 61.78 ലക്ഷം രൂപയുടെ പ്രചാരണ വിഡിയോകൾ തയാറാക്കിയതിൽ 45.71 ലക്ഷം രൂപയുടേതും സ്വകാര്യ ഏജൻസികളാണു നിർവഹിച്ചത്.
8 ഏജൻസികൾക്കായിരുന്നു ചുമതല. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലതോറും യാത്ര ചെയ്തു സംഘടിപ്പിച്ച നവകേരള സദസ്സിന്റെ പ്രചാരണ വിഡിയോകൾ തയാറാക്കാൻ ആകെ ചെലവായത് 50 ലക്ഷം രൂപ. ഇതിൽ 40.54 ലക്ഷം രൂപയുടെ 6 പ്രവൃത്തികൾ 6 ഏജൻസികൾക്കായി വീതിച്ചു നൽകി.