‘രണ്ടാമൂഴം’ സിനിമയാകും: സംവിധായകനെ ശുപാർശ ചെയ്തത് മണിരത്നം, എംടിയുടെ ആഗ്രഹം നിറവേറ്റാൻ കുടുംബം
Mail This Article
കോഴിക്കോട് ∙ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കണമെന്ന എം.ടി.വാസുദേവൻ നായരുടെ സ്വപ്നം സാക്ഷാൽക്കരിക്കാനൊരുങ്ങി കുടുംബം. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എംടിയുടെ കൂടി താൽപര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചർച്ച തുടങ്ങിയിരുന്നു.
പ്രശസ്ത സംവിധായകൻ മണിരത്നം ഈ സിനിമ സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. 6 മാസത്തോളം മണിരത്നത്തിനു വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തു. എന്നാൽ, ഇത്രയും വലിയ കാൻവാസിൽ ഈ സിനിമ ചെയ്യാൻ തനിക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നു പറഞ്ഞ് മണിരത്നം പിന്നീടു പിന്മാറുകയായിരുന്നു. മണിരത്നം തന്നെയാണ് ഇപ്പോഴത്തെ സംവിധായകനെ എംടിക്കു ശുപാർശ ചെയ്തത്. ഈ സംവിധായകൻ എംടിയുമായി ചർച്ച നടത്താൻ കോഴിക്കോട്ടു വരാനിരുന്നപ്പോഴാണ് അഞ്ചു മാസം മുൻപ് എംടിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഏറിയും കുറഞ്ഞും ഇരുന്നതിനാൽ കൂടിക്കാഴ്ച നടക്കാതെ പോയി.
രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും വർഷങ്ങൾക്കു മുൻപേ എംടി പൂർത്തിയാക്കിയിരുന്നു. 5 മണിക്കൂറോളം ദൈർഘ്യമുണ്ട്.
പല വൻകിട കമ്പനികളും ഈ തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയി. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടുപോയതിനെത്തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽനിന്നു പിൻവാങ്ങുകയായിരുന്നു. പിന്നീടാണ് മകൾ അശ്വതി വി.നായരെ തിരക്കഥ ഏൽപിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാൻ നടപടി ആരംഭിച്ചത്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാണ് രണ്ടാമൂഴം നിർമിക്കുക.
എംടിയുടെ 9 ചെറുകഥകൾ ചേർത്ത് 9 സംവിധായകർ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയിൽ റിലീസ് ചെയ്ത ‘മനോരഥങ്ങൾ’ എന്ന സിനിമ നിർമിച്ചത് എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണക്കമ്പനിയാണ്. ഏറെ താമസിയാതെ സംവിധായകൻ കോഴിക്കോട്ടെത്തുമെന്നും ശേഷം അദ്ദേഹവും എംടിയുടെ കുടുംബവും ചേർന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.