പൊലീസിന്റെ ആ പ്രതിജ്ഞകളും പാഴായി, തേനിയിൽ ഈ ‘കമ്പം’ ഒഴിവാക്കണം; ആളെകൊല്ലും ബൈപ്പാസ്
Mail This Article
കോട്ടയം ∙ ‘ഇതു സത്യം, ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കും. സത്യം, ഞാൻ എന്റെ ആരോഗ്യം സൂക്ഷിക്കും.’ രാഷ്ട്രീയത്തിൽ പ്രതിജ്ഞകൾക്കു പേരുകേട്ട തമിഴ്നാട്ടിൽ ഇതു യാത്രക്കാർക്കുള്ള പൊലീസിന്റെ പ്രതിജ്ഞയാണ്. ഈ പ്രതിജ്ഞ അപകടം കുറയ്ക്കാനാണ്. തമിഴ്നാട്ടിൽ കമ്പം–തേനി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഇത്തരം ബോർഡുകൾ പല സ്ഥലത്തും കാണാം. ആശുപത്രിയിൽ ട്രോമ കെയർ വാർഡിൽ കിടക്കുന്ന ദൃശ്യമാണ് കൂടുതലും.
കൃഷിഭൂമികൾക്കു നടുവിലൂടെ പോകുന്ന റോഡിൽ ഓരോ നാലഞ്ച് കിലോമീറ്റർ പിന്നിടുമ്പോഴും സ്പീഡ് ബ്രേക്കറുകൾ. വേഗം കുറച്ച് സ്പീഡ് ബ്രേക്കർ പിന്നിടുമ്പോൾ യാത്രക്കാർക്ക് ദേഷ്യം വരും. അവർക്കായി റോഡിൽ വേറെയും ബോർഡുകളുണ്ട്. മൊബൈലിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്ന വ്യക്തിയുടെ ചിത്രം. തൊട്ടടുത്ത് ചക്രക്കസേരയിൽ അതേ വ്യക്തി ഇരിക്കുന്നതിന്റെ ചിത്രം. രണ്ടോ മൂന്നോ കിലോമീറ്റർ കൂടുമ്പോൾ ‘അപകട മേഖല’ എന്ന ബോർഡുകൾ. അടിക്കടി ‘റംബിൾ സ്ട്രിപ്’ എന്ന ചെറിയ ഹംപുകളുടെ കൂട്ടം. ഇതെല്ലാം കാണുമ്പോൾ അപകട മേഖലയിലൂടെയാണോ യാത്ര ചെയ്യുന്നത് എന്നു തോന്നും. തോന്നണം, അതാണ് തമിഴ്നാട് പൊലീസിന്റെ ആവശ്യവും.
തേനി പെരിയകുളത്ത് വാഹനാപകടത്തിൽ കുറവിലങ്ങാട് സ്വദേശികളായ മൂന്നു പേർ മരിച്ചത് ഇന്നലെയാണ്. ഈ റോഡുകളിൽ എല്ലാ ദിവസവും ഏതെങ്കിലും ഭാഗത്ത് അപകടം ഉണ്ടാകുന്നു. റോഡിൽ തിരക്കു കൂടിയെന്ന് പെരിയകുളം ഡിവൈഎസ്പി എസ്.നല്ലു പറഞ്ഞു. ‘പുതിയ റോഡാണ്. നിർമാണത്തിൽ പാളിച്ചയുണ്ട്. പല സ്ഥലത്തും ഡിവൈഡർ ഇല്ല. മുന്നിലെ വാഹനത്തെ മറികടക്കുമ്പോഴാണ് അപകടങ്ങൾ കൂടുതലും. പല സ്ഥലത്തും തെരുവുവിളക്കുകൾ ഇല്ല’: നല്ലു പറഞ്ഞു.
‘ബൈപാസിൽ നിന്ന് റോഡിലേക്ക് കയറുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ കൂടുന്നു. ഡിണ്ടിഗൽ, മധുര ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങളുടെ എണ്ണം കൂടി. ശബരിമല തീർഥാടകരുടെ വാഹനങ്ങളും ക്രിസ്മസ് അവധിക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വരുന്നവരുടെ വാഹനങ്ങളും ഈ നിരത്തിലെ തിരക്ക് കൂട്ടി’ : മധുര സ്വദേശിയായ ആദവൻ പറഞ്ഞു. ബൈപാസുകളുടെ നിർമാണം പൂർത്തിയായതോടെയാണ് അപകടങ്ങൾ കൂടി. തുടർന്നാണ് സ്പീഡ് ബ്രേക്കറുകളും ബോധവൽക്കരണ ബോർഡുകളും അടിക്കടി സ്ഥാപിച്ചത്.
വർഷങ്ങൾക്കു മുൻപ് സ്ഥിതി ഇങ്ങനെ ആയിരുന്നില്ല. നീണ്ടു കിടക്കുന്ന വിശാലമായ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. കോട്ടയം–ചങ്ങനാശേരി റോഡു പോലെയായി തേനി–കമ്പം റോഡ് പല ഭാഗത്തും. ഇടയ്ക്കിടെ ചെറിയ ഗ്രാമങ്ങൾ. റോഡിന് ഇരുവശവും നിറയെ വാഹനങ്ങളും. ആളുകളുടെ തിരക്കും ഏറെ. ചെറു ഗ്രാമങ്ങളിൽ ഗതാഗതക്കുരുക്കുമുണ്ട്. ഗ്രാമങ്ങൾ കഴിഞ്ഞാൽ ഏതാനും കിലോമീറ്റർ നീണ്ട റോഡുകൾ. വാഹനങ്ങൾക്ക് സ്വാഭാവികമായി വേഗംകൂടും. പകൽ സമയത്ത് നല്ല വെയിൽ കാഴ്ചയ്ക്ക് വെല്ലുവിളിയാകും. രാത്രി എതിരെ വരുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും തടസ്സം. തമിഴ്നാട് എത്തിയെന്നു കരുതി അമിതവേഗം ഇനി വേണ്ട. കേരളത്തിലും തമിഴ്നാട്ടിലും ഒരു പോലെ ഡ്രൈവ് ചെയ്യണം.
കമ്പം–തേനി മേഖലയിലെ റോഡുകളുടെ സ്വഭാവം അടിമുടി മാറിയെന്ന് കെഎസ്ആർടിസി ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് കുട്ടൻ പറയുന്നു. ‘അപകടം കുറയ്ക്കാനാണ് ഹംപുകൾ വച്ചത്. വേഗത്തിൽ വന്ന് ഹംപിൽ കയറുമ്പോൾ ബ്രേക്ക് ചെയ്യും. അതോടെ വാഹനം ചിലപ്പോൾ നിയന്ത്രണം വിട്ടു പോകാം. അമിതമായ ചൂട് തമിഴ്നാട്ടിലെ റോഡുകളിലെ പ്രധാന വെല്ലുവിളിയാണ്’: സന്തോഷ് പറഞ്ഞു.
‘പുതിയ മൊബൈൽ വാങ്ങുമ്പോൾ പഠിച്ചിട്ടല്ലേ ഉപയോഗിക്കൂ. അതു പോലെ പുതിയ റോഡിൽ ചെല്ലുമ്പോൾ റോഡും പഠിക്കണം’ സമൂഹമാധ്യമങ്ങളിലെ താരമായ സന്തോഷിന്റെ പ്രതിജ്ഞ ഇതാണ്.
അപകടങ്ങൾ പതിവായ ആ 5 കിലോമീറ്റർ; ദേവദാനപ്പെട്ടിക്കും വത്തലഗുണ്ടിനും ഇടയിൽ നേർരേഖയിലുള്ള റോഡ്
കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാതയിൽ ദേവദാനപ്പെട്ടിക്കും വത്തലഗുണ്ടിനും ഇടയിലുള്ള 5 കിലോമീറ്റർ അപകടങ്ങൾക്കു ദുഷ്പേരു കേട്ട ഭാഗമാണ്. ഇതേ സ്ഥലത്താണ് ഇന്നലെയും അപകടമുണ്ടായത്. തേനി, ഡിണ്ടിഗൽ ജില്ലകളുടെ അതിർത്തിയായ ഈ പ്രദേശം ദേവദാനപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
വളവുകളോ മറ്റു തടസ്സങ്ങളോ ഇല്ലാത്ത റോഡാണ്. ഇരുഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ കഴിയും. എന്നാൽ പലപ്പോഴും ഈ റോഡിൽ ഓവർടേക്കിങ് അപകടമുണ്ടാക്കും. എതിർദിശയിൽ നിന്നെത്തുന്ന വാഹനത്തിന്റെ വേഗത്തെക്കുറിച്ചു ധാരണയില്ലാത്തതാണ് കാരണം. പുലർച്ചെയും മറ്റും ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണ് ഈ മേഖലയിലെ അപകടങ്ങൾക്ക് മറ്റൊരു കാരണം.