ഗിന്നസിലേക്കു ചുവടുവച്ച് 11,600 നർത്തകർ
Mail This Article
കൊച്ചി ∙ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്ന് കലൂർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡിലേക്ക്. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോർഡ്.
മൃദംഗ നാദം സംഘടിപ്പിച്ച പരിപാടിക്കു ഗിന്നസ് അധികൃതർ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര, സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും നൃത്തമാടി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്കു ദീപാങ്കുരൻ സംഗീതം നൽകി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന് അനുസൃതമായാണു ഭരതനാട്യം അവതരിപ്പിച്ചത്.
കേരളത്തിനു പുറമേ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങൾ, യു എസ്, യു കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ള നർത്തകർ പങ്കെടുത്തു. 8 മിനിറ്റ് നീണ്ട റെക്കോർഡ് ഭരതനാട്യം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗോകുൽ ഗോപകുമാറും സംഘവും ഗാനങ്ങൾ അവതരിപ്പിച്ചു. മൃദംഗ വിഷൻ പ്രീമിയം ആർട് മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു.