ഉമ തോമസിന്റെ മസ്തിഷ്കത്തിനേറ്റ പരുക്ക് അതീവ ഗുരുതരം
Mail This Article
കൊച്ചി ∙ ഉയരത്തിലുള്ള വീഴ്ചയുടെ ആഘാതത്തിൽ ഉമ തോമസ് എംഎൽഎക്കു മസ്തിഷ്കത്തിൽ ഗുരുതരമായ പരുക്കേറ്റുവെന്നു മെഡിക്കൽ റിപ്പോർട്ട്. തലയിൽ ഡിഫ്യൂസ് ആക്സണൽ ഇൻജുറി ഗ്രേഡ് 2 സംഭവിച്ചുവെന്നാണു റിപ്പോർട്ടിലുള്ളത്. പെട്ടെന്നുണ്ടാകുന്ന ആഘാതത്തെ തുടർന്നു തലച്ചോറിലെ അതിസൂക്ഷ്മമായ നാഡികൾ വലിഞ്ഞുണ്ടാകുന്ന ഗുരുതരമായ ക്ഷതമാണിത്.
ആശുപത്രിയിലെത്തിച്ചത് അബോധാവസ്ഥയിലായിരുന്നു. മസ്തിഷ്കത്തിനേറ്റ പരുക്കിന്റെ ആഘാതം വിലയിരുത്തുന്ന ഗ്ലാസ്ഗോ കോമ സ്കെയിൽ (ജിസിഎസ്) സ്കോർ 8 ആയിരുന്നു. മസ്തിഷ്കത്തിനേറ്റ പരുക്ക് അതീവ ഗുരുതരമാണെന്നാണു കുറഞ്ഞ ജിസിഎസ് സ്കോർ നൽകുന്ന സൂചന. നട്ടെല്ലിലും (സെർവിക്കൽ സ്പൈൻ) പരുക്കുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകളുണ്ടായി.
3 വാരിയെല്ലുകൾ പൊട്ടി. ഒന്നാമത്തെ വാരിയെല്ല് പൊട്ടിയതിനെ തുടർന്നാണു ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായത്. തലയുടെ പരുക്ക് ഗുരുതരമാണെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നു റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി പറഞ്ഞു.
പ്രാഥമിക സിടി സ്കാനിൽ അസ്ഥികൾക്കു ഗുരുതരമായ ഒടിവുകളില്ല. മുറിവുകളിൽ തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്കു ശേഷം 24 മണിക്കൂർ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. അതിനു ശേഷം മാത്രമേ തുടർ ചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.
ആശുപത്രിയിലെ മെഡിക്കൽ ബോർഡിനു പുറമേ, കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ കോട്ടയത്തെയും എറണാകുളത്തെയും ഗവ. മെഡിക്കൽ കോളജുകളിലെ വിദഗ്ധ സംഘം ചികിത്സകൾക്കു മേൽനോട്ടം വഹിക്കുന്നുണ്ട്. ഇതിനു പുറമേ, ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും െചയ്യും.