കൈവരിക്കു പകരം ‘ക്യൂ മാനേജർ’, കുറ്റിയിൽ പിടിച്ചതോടെ നിലതെറ്റി ഉമ താഴേയ്ക്ക്: അപകടം ഇങ്ങനെ– ഗ്രാഫിക്സ്
Mail This Article
കൊച്ചി∙ കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ 15 അടി ഉയരത്തിലുള്ള ഗാലറിയിലെ വേദിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎക്കു ഗുരുതര പരുക്ക്. പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഐസിയു വെന്റിലേറ്ററിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടർമാർ അറിയിച്ചു.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയിൽ തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേറ്റു. തലച്ചോറിനും നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞു തറച്ചതിനെത്തുടർന്നു ശ്വാസകോശത്തിലും മുറിവുണ്ട്. മുഖത്തെ അസ്ഥികളും പൊട്ടി. ആശുപത്രിയിലെത്തിക്കുമ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെങ്കിലും വൈകാതെ നിയന്ത്രിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം രാത്രി കൊച്ചിയിലെത്തി. മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
വേദിക്ക് കൈവരിയില്ല; വലിച്ചുകെട്ടിയ നാട മാത്രം
മന്ത്രിയടക്കം പങ്കെടുത്ത പരിപാടിയിലുണ്ടായതു ഗുരുതര സുരക്ഷാവീഴ്ച. വിഐപി ഗാലറിയിലെ 13 വരി കസേരകൾക്കു മുകളിൽ രണ്ടു തട്ടുകളിലായി കെട്ടി ഉയർത്തിയ താൽക്കാലിക വേദിയിലാണു പരിപാടി നടന്നത്. ഗാലറിയുടെ ഇരുമ്പു കൈവരിക്കും മുകളിലായാണു വേദി നിർമിച്ചിരുന്നത്. വേദിയുടെ മുന്നിൽ കൈവരിക്കു പകരം ‘ക്യൂ മാനേജർ’ (എയർപോർട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാൻ കുറ്റികളിൽ നാട വലിച്ചു കെട്ടുന്ന സംവിധാനം) മാത്രമാണുണ്ടായിരുന്നത്. മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്തശേഷം ഉമ തോമസ് മുന്നോട്ടു നടക്കുന്നതിനിടെ ക്യൂ മാനേജറിന്റെ കുറ്റിയിൽ പിടിക്കുകയായിരുന്നു. നിലതെറ്റി മൂന്നു കുറ്റികളും നാടയുമുൾപ്പെടെ താഴേക്കു പതിച്ചു. താഴെ ഗ്രൗണ്ടിലേക്കു കടക്കാനുള്ള പ്രവേശനദ്വാരത്തിൽ പാകിയിരുന്ന കോൺക്രീറ്റ് സ്ലാബിൽ തലയടിച്ചാണു വീണത്. അപ്പോൾ തന്നെ ബോധം മറഞ്ഞു. എംഎൽഎയെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.