സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
Mail This Article
മാവേലിക്കര ∙ അവധി കഴിഞ്ഞു സ്കൂളിലെത്താൻ ബസിൽ ജംക്‌ഷനിൽ ഇറങ്ങിയ യുവ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കുറത്തികാട് എൻഎസ്എസ് എച്ച്എസ്എസിലെ സംസ്കൃത അധ്യാപകൻ കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിക്കൽ അനൂപ് നായർ (40) ആണു മരിച്ചത്. ഇന്നലെ രാവിലെ കുറത്തികാട് ഹൈസ്കൂൾ ജംക്‌ഷനിലാണു സംഭവം.
പൊൻകുന്നത്തെ വീട്ടിൽ നിന്നു സ്കൂളിലെത്താൻ ബസിൽ വന്നിറങ്ങിയ അനൂപിനു തലചുറ്റൽ അനുഭവപ്പെട്ടു. അതേ ബസിൽ ഉണ്ടായിരുന്ന സ്കൂളിലെ അധ്യാപിക ദിവ്യയും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷയിൽ ഉടൻ തന്നെ കുറത്തികാട്ടുള്ള ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ വച്ചു ഛർദിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂലൈയിലാണു സ്ഥലം മാറ്റം ലഭിച്ചു കുറത്തികാട് സ്കൂളിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പൊൻകുന്നത്തേക്കു കൊണ്ടുപോയി.
പിതാവ്: പരേതനായ രാധാകൃഷ്ണൻ നായർ. അമ്മ: ഉഷാകുമാരി. ഭാര്യ: ആനിക്കാട് ഇലവുങ്കൽ രാഖി. മക്കൾ: ഭവാനിദേവി, ഭാനുപ്രിയ. സംസ്‌കാരം ഇന്നു 2നു ചെറുവള്ളിയിലെ വീട്ടുവളപ്പിൽ.