ദിലീപ് ശങ്കറിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് പൊലീസ്
Mail This Article
തിരുവനന്തപുരം ∙ നടൻ ദിലീപ് ശങ്കറിന്റെ മരണം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാകാമെന്ന് ഇൻക്വസ്റ്റ് നടത്തിയ പൊലീസ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കരൾരോഗം വഷളാവുകയും രക്തസമ്മർദം ഉയരുകയും ചെയ്തതിനെത്തുടർന്നു തലയിടിച്ചു വീണതാണെന്നാണു സംശയം. കട്ടിലിനു സമീപം മദ്യക്കുപ്പി ഉണ്ടായിരുന്നു. തറയിൽ കിടന്ന മൃതദേഹത്തിൽ മൂക്കിൽനിന്നു രക്തം ഒഴുകിയിരുന്നു. ആത്മഹത്യയിലേക്കു നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ല. മരണകാരണം കണ്ടെത്താൻ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടിയുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു.
ഹോട്ടലിൽ പൊലീസ് എത്തുമ്പോൾ ദിലീപ് ശങ്കർ താമസിച്ച മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്. സീരിയൽ ഷൂട്ടിങ്ങിനായി താമസിച്ച വാൻറോസ് ജംക്‌ഷനിലെ ഹോട്ടലിൽ ആണ് ദിലീപ് ശങ്കറിനെ ഞായറാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയലിന്റെ ഷൂട്ടിങ്ങിനായി 19ന് ആണ് ദിലീപ് മുറി എടുത്തത്. 26 വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. ശനിയാഴ്ച സീരിയലിന്റെ പ്രൊഡക്‌ഷൻ മാനേജർ പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതോടെയാണ് അന്വേഷിച്ചത്.