ഗോവയിലെ ബീച്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കര്‍ശന നടപടി: സഞ്ചാരികള്‍ ശ്രദ്ധിക്കണം

Mail This Article
ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ പറുദീസകളിലൊന്നാണ് ഗോവ. മനോഹരമായ ബീച്ചുകളും നൈറ്റ് ലൈഫും സമാധാന അന്തരീക്ഷവുമെല്ലാം ഗോവയിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളില്‍ ഇടനിലക്കാരുടേയും അനധികൃത വ്യാപാരികളുടേയും ശല്യം വലിയ തോതില്‍ സഞ്ചാരികളെ ബാധിക്കുന്നുവെന്ന പരാതികള്‍ അടുത്തിടെ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിനെതിരെ നടപടിയെടുക്കാനാണ് ഗോവ ടൂറിസം വകുപ്പിന്റെ തീരുമാനം.

ബീച്ചുകളിലെ ഇടനിലക്കാര്‍ക്കും അനധികൃത വ്യാപാരികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നു ടൂറിസം ഡയറക്ടര്‍ കേദാര്‍ നായിക് അറിയിച്ചു കഴിഞ്ഞു. ഇനിമുതല്‍ ബീച്ചുകളില്‍ റജിസ്ട്രേഡ് കച്ചവടങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഇത് ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു കൂടുതല്‍ സമാധാനത്തോടെയുള്ള അവധിക്കാലം ആസ്വദിക്കാന്‍ സഹായകരമാവും. ടൂറിസ്റ്റ് പൊലീസിനും നിയമപരമായി കച്ചവടം ചെയ്യുന്നവര്‍ക്കും ബീച്ച് അസോസിയേഷനുകള്‍ക്കുമെല്ലാം അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹായിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഭാവിയില്‍ ഈ പ്രശ്‌നം വീണ്ടും സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഗോവന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ കൃത്യമായ നടപടിക്കു തയാറായില്ലെങ്കില്‍ വിനോദ സഞ്ചാര വകുപ്പു തന്നെ നേരിട്ട് നടപടികള്‍ സ്വീകരിക്കുമെന്നും കേദാര്‍ നായിക് അറിയിച്ചു. ബീച്ചുകളിൽ കുടിലുകള്‍ നടത്തുന്നവര്‍ സമീപത്ത് അനധികൃത വില്‍പനക്കാരും ഇടനിലക്കാരും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ബീച്ച് വിജില്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാണ് ഗോവ വിനോദ സഞ്ചാര വകുപ്പിന്റെ നിര്‍ദേശം. ഈ ആപ്പ് വഴി വിനോദ സഞ്ചാരികള്‍ക്കു മാത്രമല്ല ലൈഫ് ഗാർഡുകൾക്കും കുടിലുകളുടെ നടത്തിപ്പുകാര്‍ക്കുമെല്ലാം ഇടനിലക്കാരേയും അനധികൃത കച്ചവടക്കാരേയും കുറിച്ചു വിവരങ്ങള്‍ കൈമാറാനാവും. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ക്കു വേഗത്തില്‍ പരിഹാരം കണ്ടെത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നാണ് കേദാര്‍ നായിക് ആവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ സന്തോഷത്തോടെ മടങ്ങേണ്ടത് ഗോവന്‍ വിനോദസഞ്ചാരത്തിന്റെ ആവശ്യമാണെന്ന് അധികൃതര്‍ അംഗീകരിക്കുന്നുണ്ട്. ബീച്ചുകള്‍ പൂര്‍ണമായും പ്രശ്‌നരഹിതമാവുന്നതുവരെ കര്‍ശനമായ നടപടികള്‍ തുടരുമെന്നാണ് കേദാര്‍ നായിക് പറയുന്നത്. ഇത്തരം നടപടികള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും അവധിക്കാലം ചെലവഴിക്കാന്‍ ഗോവ തിരഞ്ഞെടുക്കുന്നവര്‍ക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.