റഹീമിന്റെ മോചനം കാത്ത് വീട്ടുകാർ
Mail This Article
ഫറോക്ക് (കോഴിക്കോട്) ∙ വധശിക്ഷ റദ്ദാക്കി ആറു മാസമായിട്ടും റിയാദ് ജയിലിൽ കഴിയുന്ന കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വിധി നീളുന്നു. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും വിധി പറയാൻ ജനുവരി 15ലേക്കു മാറ്റി. ഇത് അഞ്ചാം തവണയാണു കേസ് മാറ്റിവയ്ക്കുന്നത്. ഡിസംബർ എട്ടിനും 12നും കേസ് പരിഗണിച്ചെങ്കിലും അന്തിമ വിധിയുണ്ടായില്ല. കേസ് വിവരങ്ങൾ കൂടുതൽ പഠിക്കണമെന്നു കോടതി പറഞ്ഞു. കേസ് പരിഗണിച്ചപ്പോൾ റഹീമിനെ ജയിലിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂർ എന്നിവരും എത്തിയിരുന്നു.
സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, സൗദി ബാലന്റെ കുടുംബം മാപ്പു നൽകാൻ തയാറാണെന്നു റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നൽകിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവു ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.