ഉമ തോമസിന്റെ തിരിച്ചുവരവ് കാത്ത് രാഷ്ട്രീയ കേരളം
Mail This Article
കൊച്ചി ∙ അപ്രതീക്ഷിത വീഴ്ചയിൽ നിന്ന് ഉമ തോമസ് എംഎൽഎ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയോടെ രാഷ്ട്രീയ കേരളം. ക്ഷേത്രങ്ങളിലും പള്ളികളിലും ഉമയുടെ പേരിൽ വഴിപാടുകൾ നടത്തി പ്രവർത്തകർ പ്രതീക്ഷയോടെ ആശുപത്രിയിലെത്തുന്നു; ശുഭകരമായ വാർത്തകൾക്കു കാതോർത്ത്. ഉമ തോമസ് ചികിത്സയിൽ കഴിയുന്ന പാലാരിവട്ടം റിനൈ മെഡിസിറ്റിയിലേക്കു രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കൾ ഇന്നലെയും എത്തി.
സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.കെ. രമ, സി.കെ. ആശ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ഷാനിമോൾ ഉസ്മാൻ, സിപിഎം നേതാവ് എസ്. ശർമ തുടങ്ങിയ നേതാക്കൾ ഇന്നലെ ആശുപത്രിയിലെത്തി.
ഉമ തോമസ് പൂർണ ആരോഗ്യവതിയായി തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഉമ തോമസിന്റെ ആരോഗ്യനിലയിലെ പുരോഗതി അറിയാൻ നഗരത്തിലെയും തൃക്കാക്കര മണ്ഡലത്തിലെയും കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയുടെ പരിസരങ്ങളിൽ കാത്തുനിൽക്കുന്നുണ്ട്. ആശുപത്രിക്കുള്ളിലേക്കു പോകുന്ന നേതാക്കൾ മടങ്ങിവരുന്നതു ശുഭകരമായ വാർത്തകൾ കൊണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു; പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഉമയുടെ ആരോഗ്യ വിവരമറിയാൻ ഫോണിലും മറ്റും നേതാക്കളെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഉമ തോമസിന്റെ മക്കളായ ഡോ. വിഷ്ണുവും വിവേകും ആശുപത്രിയിലുണ്ട്. പൈപ്‌ലൈൻ റോഡിലെ വീട് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ കാരണക്കോടത്തെ വാടക വീട്ടിലായിരുന്നു ഉമ തോമസും കുടുംബവും താമസിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഈ മാസം മാറാനിരിക്കെയാണ് അപകടം.
സുരക്ഷാവീഴ്ച ഉണ്ടായി: മന്ത്രി സജി ചെറിയാൻ
ആലപ്പുഴ ∙ ഉമ തോമസ് എംഎൽഎ അപകടത്തിൽപെട്ട കൊച്ചി കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ സുരക്ഷാവീഴ്ചയുണ്ടായെന്നു മന്ത്രി സജി ചെറിയാൻ. ‘വേദിക്കു ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ എന്റെ ഗൺമാൻ ഉൾപ്പെടെ അതു ചൂണ്ടിക്കാട്ടിയതാണ്.
ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ കരുതിയില്ല. എംഎൽഎ വീഴുന്നതു കുറച്ചുപേർ മാത്രമേ കണ്ടുള്ളൂ. ആശുപത്രിയിൽ എത്തിയ ശേഷമാണു പരുക്കുകളുടെ ഗൗരവം മനസ്സിലായത്. സങ്കടകരമായ സംഭവമാണത്. ഉമ തോമസിന്റെ ചിരിക്കുന്ന മുഖമാണു മനസ്സിൽ. അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. 8 മിനിറ്റുള്ള പരിപാടിയുടെ തുടക്കത്തിലാണ് അപകടം.
അതു കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ഇറങ്ങി. പരിപാടി തുടർന്നില്ലെന്നാണ് അറിവ്. കൂടുതൽ അറിയില്ല. പരിപാടിയുമായി ബന്ധപ്പെട്ട പണപ്പിരിവു സംബന്ധിച്ച പ്രശ്നങ്ങൾ പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. അതു നമ്മൾ ഇടപെടേണ്ട വിഷയമല്ല’ – മന്ത്രി പറഞ്ഞു.