‘രണ്ടാംഘട്ട തുക സമയത്തു നൽകിയിരുന്നെങ്കിൽ നിമിഷ മോചിതയാകുമായിരുന്നു; 19,871 ഡോളർ കൈമാറി’
Mail This Article
കൊച്ചി ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം ‘മലയാള മനോരമ’യോടു പ്രതികരിച്ചു. ആദ്യഘട്ടത്തിൽ തലാൽ അഹ്മദിയുടെ ഏതാനും അടുത്ത കുടുംബാംഗങ്ങളുമായി ചർച്ച നടത്താനായിരുന്നു.
2021മുതൽ ആക്‌ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നു. ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാൽ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാൾ ഉൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചർച്ചയാരംഭിക്കാൻ 40,000 യുഎസ് ഡോളർ വേണമെന്നു സാമുവൽ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു.
ആദ്യഘട്ടമായി നൽകേണ്ട 20,000 ഡോളറിൽ 19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി. എന്നാൽ രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടതോടെ ശ്രമങ്ങൾ നിശ്ചലമായി.
2009ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്സായി യെമനിൽ ജോലിക്കെത്തിയത്. 2012ൽ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകൾ മിഷേൽ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകൾക്കായി 2014ൽ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തുകൂടിയായിരുന്ന തലാൽ അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്പോൺസറാക്കി യെമനിൽ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭർത്താവിനുമുണ്ടായിരുന്നു.
നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനിൽ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല. 2015ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തിൽ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ പറയുന്നു. ക്ലിനിക്കിലെ യെമൻ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേർന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.