മന്നം ജയന്തി ആഘോഷം ഇന്നുമുതൽ
Mail This Article
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാമതു ജയന്തി ആഘോഷം ഇന്നും നാളെയും പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടക്കും. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിലാണു ചടങ്ങുകൾ. ഇന്നു രാവിലെ ഭക്തിഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും.
നാളെ രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.45നു ജയന്തി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. എൻ എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.