സനാതനധർമത്തെ ഗുരു ഉടച്ചുവാർത്തു: മുഖ്യമന്ത്രി
Mail This Article
വർക്കല ∙ സനാതനധർമത്തെ ഉടച്ചുവാർത്തു പുതിയ കാലത്തിനുള്ള നവയുഗധർമത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു ശ്രീനാരായണ ഗുരുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സനാതനധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. ഗുരു സനാതനധർമത്തിന്റെ വക്താവായിരുന്നില്ല. വർണാശ്രമ ധർമത്തെ വെല്ലുവിളിച്ചും മറികടന്നും കാലത്തിനൊത്തു നിലനിൽക്കുന്നതാണു ഗുരുവിന്റെ നവയുഗ മാനവിക ധർമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
-
Also Read
മന്നം ജയന്തി ആഘോഷം ഇന്നുമുതൽ
മതാതീതമായ മനുഷ്യത്വപരമായ വിശ്വദർശനമാണു ഗുരു ഉയർത്തിപ്പിടിച്ചത്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാൻ നിന്നാൽ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവും– മുഖ്യമന്ത്രി പറഞ്ഞു. ഗുരുദർശനത്തിന്റ അടിത്തറ സനാതനധർമമാണെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരു എങ്ങനെ മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതനധർമത്തിന്റെ വക്താവാകുമെന്നു മുഖ്യമന്ത്രി ചോദിച്ചു.
ഇടയ്ക്കിടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന വാക്കാണ് സനാതന ഹിന്ദുത്വം. ചാതുർവർണ്യ വ്യവസ്ഥ ഉടനീളം ചോദ്യംചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ജാഗ്രതയുണ്ടായില്ലെങ്കിൽ, ഗുരു എന്തിനൊക്കെ എതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമമുണ്ടാവും. സാമൂഹിക പരിഷ്‌കർത്താവായിരുന്ന ശ്രീനാരായണ ഗുരുവിനെ മതനേതാവായോ മത സന്യാസിയായോ കാണിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളിൽ ഉടുപ്പു ധരിച്ച് പ്രവേശനം: സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രി
വർക്കല ∙ ആരാധനാലയങ്ങളിൽ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയിൽ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞത്. മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കുമെന്നാണു പ്രതീക്ഷിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.