കോള കമ്പനി പൂട്ടിയിട്ട് 20 വർഷം; നഷ്ടപരിഹാരം ഫ്രീസറിൽ
Mail This Article
പാലക്കാട് ∙ കോക്കകോള കമ്പനി പൂട്ടി 20 വർഷം കഴിഞ്ഞെങ്കിലും ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാനുള്ള പ്ലാച്ചിമട നഷ്ടപരിഹാര ബിൽ മരവിച്ചു കിടക്കുന്നു. നഷ്ടപരിഹാരത്തിനായി വീണ്ടും നിയമനിർമാണം നടത്താൻ സാധ്യത തേടുകയാണെന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നുമാണു സർക്കാർ നൽകുന്ന മറുപടി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമാകുന്നതിനു മുൻപു തന്നെ ഭൂമി ഏറ്റെടുത്ത സർക്കാർ കമ്പനിക്കു നാടുവിടാൻ സൗകര്യം ചെയ്യുകയാണെന്ന് ആരോപിച്ച് പ്ലാച്ചിമട സമരസമിതി സമരത്തിലാണ്.
2000ൽ പ്ലാച്ചിമടയിൽ ആരംഭിച്ച കോക്കകോള കമ്പനി 2004ൽ അടച്ചുപൂട്ടിയെങ്കിലും പരിസ്ഥിതി ചൂഷണത്തിന് അർഹമായ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ആദിവാസികളും കർഷകരും അന്നു മുതൽ സമരം തുടരുകയാണ്. 2009ൽ അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പഠനത്തിൽ കമ്പനിയുടെ പ്രവർത്തനം മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ 216.26 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ചെങ്കിലും യുപിഎ ഭരണകാലത്തും തുടർന്നുള്ള എൻഡിഎ ഭരണകാലത്തും നിരസിച്ചു. 2015ൽ ട്രൈബ്യൂണൽ ബിൽ കേന്ദ്രം തിരിച്ചയച്ച ശേഷം സംസ്ഥാന സർക്കാർ പരിഗണിച്ചില്ല. ബില്ലിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും നിയമസഭയിൽ പാസാക്കി അയയ്ക്കാമെങ്കിലും അതുണ്ടായില്ല.
ഈ വർഷം ജൂണിൽ പ്ലാച്ചിമടയിൽ കോക്കകോളയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. ഇവിടെ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ചും അന്തിമരൂപം ആയിട്ടില്ല.