കായംകുളം താപനിലയം: കൊള്ളലാഭം, പിടിച്ചുപറി; കരാർ പുതുക്കണമെന്ന് എൻടിപിസി
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ചുരുക്കം ചില വർഷങ്ങളിൽ മാത്രം വൈദ്യുതി നൽകാൻ കായംകുളം താപവൈദ്യുതി നിലയത്തിന് കെഎസ്ഇബി നൽകിയത് 13,553 കോടി രൂപ. താപനിലയം സ്ഥാപിക്കാനും പിന്നീടു നടത്തിയ വികസന പ്രവർത്തനത്തിനും ഉൾപ്പെടെ നാഷനൽ തെർമൽ പവർ കോർപറേഷന് ഇതുവരെ ആകെ ചെലവായത് 1270 കോടി രൂപ.
ഇതിന്റെ പത്തിരട്ടിയിലധികമാണ് താങ്ങാനാകാത്ത വിലയ്ക്കു വൈദ്യുതി നൽകിയും വൈദ്യുതി നൽകാത്ത വർഷങ്ങളിൽ ഫിക്സഡ് ചാർജ് ഇനത്തിലുമായി നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി) കെഎസ്ഇബിയിൽ നിന്നു പിടിച്ചുപറിച്ചത്.
കരാർ വീണ്ടും പുതുക്കിയില്ലെങ്കിൽ കുറഞ്ഞ നിരക്കിൽ താൽച്ചറിലെ എൻടിപിസി പ്ലാന്റിൽ നിന്നു ലഭ്യമാക്കുന്ന 180 മെഗാവാട്ട് വൈദ്യുതി നിർത്തലാക്കുമെന്ന ഭീഷണിയുമായി എൻടിപിസി സംസ്ഥാന വൈദ്യുതി വകുപ്പിനു കത്തയച്ചിട്ടുണ്ട്. അടുത്ത മാസം 28 ന് കായംകുളം താപനിലയവുമായുള്ള വൈദ്യുതി വാങ്ങൽ കരാർ അവസാനിക്കാനിരിക്കെ അടുത്ത 5 വർഷം കൂടി കരാർ പുതുക്കണമെന്നാണ് എൻടിപിസിയുടെ ആവശ്യം.
ഒരു യൂണിറ്റ് വൈദ്യുതി പോലും നൽകാതെ കഴിഞ്ഞ 4 വർഷം കൊണ്ട് കായംകുളം താപനിലയം കെഎസ്ഇബിയിൽ നിന്ന് ഫിക്സഡ് ചാർജ് ആയി ഈടാക്കിയത് 400 കോടി രൂപയാണ്. വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും നൽകേണ്ട നിരക്കാണിത്. 2019 ൽ കരാർ പുതുക്കുന്നതു വരെ 204 കോടി രൂപയാണ് ഫിക്സഡ് ചാർജ് ആയി നൽകിയിരുന്നത്. തുടർന്ന് കരാർ പുതുക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിൽ ഇത് 100 കോടി രൂപയായി കുറച്ചു.
വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും പണം
∙ പുറത്ത് 4–5 രൂപയ്ക്കു വൈ ദ്യുതി ലഭിച്ചിരുന്ന കാലത്തും കായംകുളം നിലയത്തിലെ വൈദ്യുതി വില യൂണിറ്റിന് 12 രൂപയ്ക്കു മുകളിലായിരുന്നു. ക്രമേണ വൈദ്യുതി വാങ്ങൽ കെഎസ്ഇബി അവസാനിപ്പിച്ചു. 2020–21ൽ 9.8 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചപ്പോഴാണ് കെഎസ്ഇബി അവസാനമായി ഇവിടെനിന്നു വൈദ്യുതി വാങ്ങിയത്.