10 ലക്ഷത്തിനുമേൽ വായ്പ: ഇൗടിന്റെ മൂല്യനിർണയത്തിന് അഞ്ചംഗ സമിതി
Mail This Article
തിരുവനന്തപുരം∙ 10 ലക്ഷത്തിനു മുകളിലുള്ള വായ്പയ്ക്ക് ഇൗടിന്റെ മൂല്യനിർണയത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കുന്നതുൾപ്പെടെ കർശന വ്യവസ്ഥകളുമായി സഹകരണ നിയമഭേദഗതി നിലവിൽ വന്നു. റിട്ട. ഡപ്യൂട്ടി തഹസിൽദാർ അല്ലെങ്കിൽ റിട്ട. സബ് റജിസ്ട്രാർ ഓഫിസർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് മൂല്യനിർണയം നടത്തേണ്ടത്. ഇൗടുവയ്ക്കുന്ന വസ്തുവിൽ കെട്ടിടമുണ്ടെങ്കിൽ അതിന്റെ മൂല്യനിർണയത്തിന് മരാമത്തുവകുപ്പിൽ നിന്നോ തദ്ദേശ വകുപ്പിൽ നിന്നോ വിരമിച്ച അസിസ്റ്റന്റ് എൻജിനീയറും മൂല്യനിർണയ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവും ഡയറക്ടർമാരുമാണ് മറ്റ് അംഗങ്ങൾ.
സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് മിക്കപ്പോഴും കാരണമാകുന്നത് ഇൗടുവയ്ക്കുന്ന വസ്തുവിന്റെ മൂല്യത്തെക്കാൾ പണം വായ്പയായി നൽകിയതുമൂലമാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൗ വ്യവസ്ഥ കർശനമാക്കിയത്. നിയമ വകുപ്പിലെ സ്പെഷൽ സെക്രട്ടറിയായിരിക്കും ഇനി സംസ്ഥാന സഹകരണ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ .
ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നിർബന്ധമാക്കി. ക്ലറിക്കൽ നിയമനത്തിന് ക്ലാസ് 2 മുതൽ 7 വരെയുള്ള ബാങ്കുകൾക്ക് സ്ഥാനക്കയറ്റവും നിയമനവും തമ്മിലുള്ള അനുപാതം 1:4 എന്നത് 1:2 എന്നാക്കി. സബ്സ്റ്റാഫിന് ക്ലറിക്കൽ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർഥിയുടെ പൊലീസ് വെരിഫിക്കേഷനും നടത്തും. സഹകരണ മേഖലയ്ക്ക് പുതിയ ദിശാ ബോധം ലക്ഷ്യമിട്ടാണ് ചട്ട ഭേദഗതിയെന്ന് മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.
മത്സരിക്കാൻ വിലക്ക് ഒഴിവാക്കി
ഒരു അംഗത്തിന് 2 തവണയിൽ കൂടുതൽ മത്സരിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഇപ്പോഴത്തെ നിയമഭേദഗതി ഉത്തരവിൽ ഒഴിവാക്കി. ചില സംഘങ്ങൾ കോടതിയിൽ പോയതിനെ തുടർന്നാണ് ഹൈക്കോടതി വിധി. ഇതിനെതിെരെ വകുപ്പ് അപ്പീൽ നൽകുന്നുണ്ട്. 2 തവണ പ്രസിഡന്റായവർക്ക് മത്സരിക്കാനും ഡയറക്ടർ പദവി വഹിക്കാനും അവസരമൊരുക്കണമെന്നാണ് ഹൈക്കോടതിയെ സമീപിച്ചവരുടെ ആവശ്യം.