ADVERTISEMENT

കൊച്ചി∙ കൊല്ലം അ‍ഞ്ചലിൽ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ മുൻ സൈനികരായ പ്രതികളെ സിബിഐ പിടികൂടിയതു ‘സൈബർ കോമിങ്ങി’ലൂടെ. കൊല്ലം അലയമൺ ചന്ദ്രവിലാസത്തിൽ ദിവിൽകുമാർ (41), കണ്ണൂർ ശ്രീകണ്ഠാപുരം കൈതപ്രം പുതുശേരി വീട്ടിൽ രാജേഷ് (46) എന്നിവരിലേക്ക് അന്വേഷണ സംഘം എത്തിയതു 10,000 സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ്. കേരളത്തിൽ റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ വർഷങ്ങളായി ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ സിബിഐയും കേരള പൊലീസും മൂന്നു മാസമായി നടത്തിയ ‘സൈബർ കോമിങ്ങാണ്’ അന്വേഷണ സംഘത്തെ പുതുച്ചേരിയിലേക്ക് എത്തിച്ചത്.

പുതുച്ചേരിയിൽ ഒരു പ്രതിയുടെ ജീവിതപങ്കാളിയായ അധ്യാപിക സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ദിവിൽകുമാറിനെയും രാജേഷിനെയും കുടുക്കിയത്. പത്തു വർഷത്തിൽ അധികമായി ഒളിവിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങൾ കേരള പൊലീസിന്റെ സഹായത്തോടെ നിർമിതി ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണു തയാറാക്കിയത്. ഒളിവിൽ പോകുമ്പോൾ ദിവിൽകുമാറിന് 23 വയസ്സും രാജേഷിന് 28 വയസ്സുമായിരുന്നു. അന്നത്തെ ഇവരുടെ ലഭ്യമായ ചിത്രങ്ങൾ ശേഖരിച്ച ശേഷം ഓരോ അഞ്ചു വർഷം കൂടുമ്പോഴും രൂപത്തിലുണ്ടാകുന്ന മാറ്റം എഐയുടെ സഹായത്തോടെ അന്വേഷണ സംഘം ചിത്രീകരിച്ചു. ദിവിലിന്റെയും രാജേഷിന്റെയും ഇത്തരത്തിലുള്ള 20 സാധ്യതാ ചിത്രങ്ങൾ തയാറാക്കിയിരുന്നു.

ഈ ചിത്രങ്ങളുമായി സാദൃശ്യമുള്ള ആരുടെയെങ്കിലും ചിത്രങ്ങൾ നിരീക്ഷണത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്താൽ പൊലീസിന്റെ സൈബർ കുറ്റാന്വേഷണ വിഭാഗത്തിനു മുന്നറിയിപ്പു ലഭിക്കുമായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പത്തിലധികം അലർട്ടുകൾ ഇത്തരത്തിൽ പൊലീസിനു ലഭിച്ചു. ഇതിനിടയിലാണ് അധ്യാപിക ഒരു യാത്രയ്ക്കിടയിൽ എടുത്ത കുടുംബചിത്രം അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ചിത്രത്തിലെ യുവാവിനു പ്രതികളിൽ ഒരാളുടെ എഐ ചിത്രവുമായുള്ള സാദൃശ്യം മനസ്സിലാക്കിയ അന്വേഷണ സംഘം രണ്ടാഴ്ചയോളം അധ്യാപികയുടെ പോസ്റ്റുകൾ നിരീക്ഷിച്ചു. ഇവർ നേരത്തേ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പരിശോധിച്ച ശേഷം യുവാവിനെ നേരിട്ടു നിരീക്ഷിക്കാൻ പുതുച്ചേരിയിലെത്തി. ഇയാൾ നടത്തുന്ന സ്ഥാപനത്തിൽ കണ്ടെത്തിയ മറ്റൊരാളുമായി രണ്ടാമത്തെ പ്രതിയുടെ എഐ ചിത്രത്തിനും സാദൃശ്യം കണ്ടെത്തിയതോടെ സിബിഐ സംഘം പ്രതികളെ ചോദ്യം ചെയ്തു. ആദ്യഘട്ടത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇരുവരും കുറ്റസമ്മതം നടത്തി.

English Summary:

Kerala Triple Murder: CBI cracked the Anchal, Kollam triple murder case using a groundbreaking 'cyber combing' operation and AI-generated images. The suspects, evading capture for years, were apprehended after a three-month joint operation with Kerala Police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com