ADVERTISEMENT

കൊച്ചി ∙ നേത്രരോഗമായ യൂവിയൈറ്റിസ് ബാധിതരായ കുട്ടികളെ സഹായിക്കാനുള്ള ‘ചൈൽഡ്ഹുഡ് യൂവിയൈറ്റിസ് ബ്ലൈൻഡ്‌നെസ് സപ്പോർട്ട് (കബ്സ്) ട്രസ്റ്റി’നു തുടക്കമായി. കേരള യൂവിയൈറ്റിസ് ഇന്ററസ്റ്റ് ഗ്രൂപ്പിന്റെ തുടർ വിദ്യാഭ്യാസ പരിപാടിയായ ‘ഇഗ്‌നൈറ്റ് 2025’ൽ മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു കബ്സ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു.

യൂവിയൈറ്റിസ് ബാധിതരായ കുട്ടികൾക്കു ദീർഘകാലം ചികിത്സ ആവശ്യമാണെന്നും പലപ്പോഴും ചികിത്സാ ചെലവ് അവരുടെ കുടുംബങ്ങളെ തകർക്കുന്ന സ്ഥിതിയാണെന്നും ഫിലിപ് മാത്യു പറഞ്ഞു. അത്തരം കുട്ടികളെ സാമ്പത്തികമായി സഹായിക്കാൻ ലക്ഷ്യമിട്ടാണു ഡോ. നടാഷ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കബ്സ് ട്രസ്റ്റ് ആരംഭിക്കുന്നത്. രോഗബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനായി ഇത്തരം ശ്രേഷ്ഠമായ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ആരോഗ്യ വിദഗ്ധർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യൂവിയൈറ്റിസ് ബാധിതരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം നടൻ കുഞ്ചാക്കോ ബോബൻ കൈമാറി. തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി മുൻ ഡയറക്ടർ ഡോ. വി. സഹസ്രനാമം ‘ഇഗ്‌നൈറ്റ് 2025’ ഉദ്ഘാടനം ചെയ്തു. മുതിർന്ന ഒഫ്താൽമോളജിസ്റ്റ് ഡോ. ടി.എ. അലക്സാണ്ടറിനെ ആദരിച്ചു. 

കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് പ്രസിഡന്റ് ഡോ. ജി. മഹേഷ്, ഇന്റർനാഷനൽ യൂവിയൈറ്റിസ് സ്റ്റഡി ഗ്രൂപ്പ് പ്രസി‍ഡന്റ് ‍‍ഡോ. വൈശാലി ഗുപ്ത, യൂവിയൈറ്റിസ് സൊസൈറ്റി ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. പത്മമാലിനി മഹേന്ദ്രദാസ്, കൊച്ചിൻ ഒഫ്താൽമിക് ക്ലബ് പ്രസിഡന്റ് ‍ഡോ. അനിൽ ബി. ദാസ്, കൊച്ചിൻ റുമാറ്റോളജി ക്ലബ് പ്രസിഡന്റ് ഡോ. പത്മനാഭ ഷേണായി, ഇഗ്‌നൈറ്റ് ചീഫ് ഓർഗനൈസിങ് സെക്രട്ടറിയും നേത്രരോഗ വിദഗ്ധയുമായ ഡോ. നടാഷ രാധാകൃഷ്ണൻ, ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറി ഡോ. മിനി മാത്യു, ഡോ. വന്ദന പ്രദീപ് എന്നിവർ പ്രസംഗിച്ചു. കണ്ണിന്റെയുള്ളിൽ കൃഷ്ണമണിയുൾപ്പെടുന്ന യുവിയയിലുണ്ടാകുന്ന നീർക്കെട്ടാണു യൂവിയൈറ്റിസ്. കുട്ടികളിലുണ്ടാകുന്ന യൂവിയൈറ്റിസിനു കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല. രോഗം ബാധിച്ചു കുറച്ചു വർഷങ്ങൾ കഴിഞ്ഞു കാഴ്ചശക്തിയെ ബാധിക്കുന്ന വിധം സങ്കീർണാവസ്ഥയിൽ എത്തുമ്പോഴാണു പലപ്പോഴും ചികിത്സ തേടുക.

English Summary:

CUBS Trust Launched: CUBS Trust aids children affected by uveitis, a serious eye condition. The newly launched trust offers financial support and highlights the need for long-term treatment and community support for children facing this disease.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com