ഉരുളിൽ വെളിച്ചമായ് വേദിയിൽ!
Mail This Article
തിരുവനന്തപുരം ∙ അരങ്ങിൽ ആ കുട്ടികളെ കണ്ട് സദസ്സിലുണ്ടായിരുന്നവരുടെ കണ്ണുകൾ ഈറനായി. ഉറ്റവരും ഉടയവരും നഷ്ടമായവർ, വീടില്ലാതെ അഭയം നഷ്ടമായവർ, ജീവിതത്തിൽ അവശേഷിക്കുന്നത് ഓർമകൾ മാത്രമായി ചുരുങ്ങിയവർ... കേരളമൊന്നാകെ ചേർത്തുപിടിച്ചപ്പോൾ അവർ പതിയെ വേദനകൾ മറന്നു. ഉരുളെടുത്ത വയനാട് ചൂരൽമല – മുണ്ടക്കൈയുടെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായാണ് അവർ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിലെത്തിയത്.
ഉരുൾപൊട്ടലിൽ തകർന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ ഏഴംഗ സംഘമാണ് നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും കഥ അവതരിപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ച നൃത്തത്തിൽ ദുരന്തത്തിന്റെ ആഘാതവും അതിജീവനകഥയും ഹൃദയസ്പർശിയായി അവതരിപ്പിച്ചു. വെള്ളാർമല സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ചത്.