‘കുറച്ചു ദിവസങ്ങൾക്കകം പുറത്തുവരാമെന്ന് പ്രതീക്ഷ’: ജയിലിൽ പോകുന്നതിന് മുൻപ് സന്ദേശം; നേതാക്കളെ പുറത്തിറക്കാൻ സിപിഎം
Mail This Article
കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 4 നേതാക്കളെ കേസിൽനിന്ന് ഒഴിവാക്കി ജയിലിനു പുറത്തിറക്കാനാണു സിപിഎമ്മിന്റെ ആദ്യനീക്കം. കൊലക്കുറ്റമടക്കം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 10 പ്രതികൾക്ക് ഇളവു നേടിയെടുക്കുക എളുപ്പമല്ലെന്നാണു പാർട്ടിക്കു ലഭിച്ച നിയമോപദേശം.
എന്നാൽ, 5 വർഷം തടവുശിക്ഷ ലഭിച്ച മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവർക്കു ഹൈക്കോടതിയിൽനിന്ന് ഇളവു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുക. സ്റ്റേ കിട്ടിയാൽ മാത്രമേ ജാമ്യം നേടി പുറത്തിറങ്ങാൻ പറ്റൂ.
അതേസമയം, കേസിൽ ഇനി ഏതുരീതിയിൽ മുന്നോട്ടുപോകണമെന്നതിൽ കോൺഗ്രസും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും തീരുമാനമെടുത്തിട്ടില്ല. ഗൂഢാലോചനയും സിപിഎമ്മിന്റെ ഇടപെടലും വേണ്ടപോലെ കണ്ടെത്തിയിട്ടില്ലെന്ന പരാതി കുടുംബത്തിനുണ്ട്. എന്നാൽ, കൊലക്കുറ്റം ചുമത്തിയ പ്രതികളുടെ ശിക്ഷയിൽ വലിയ പരാതികളില്ല. വിട്ടയച്ച 10 പേർ, 5 വർഷം തടവിനു ശിക്ഷിക്കപ്പെട്ട 4 പേർ, കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപു കൊലവിളി പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.പി.പി.മുസ്തഫ എന്നിവർക്കെതിരെ തുടരന്വേഷണം ആവശ്യപ്പെടാനാണ് ആലോചിക്കുന്നത്. അന്വേഷണ ഏജൻസിയായ സിബിഐ അപ്പീൽ നൽകുമോ എന്നു വ്യക്തമല്ല.
കുഞ്ഞിരാമന്റെ സന്ദേശം
ജയിലിൽ പോകുന്നതിനു തൊട്ടുമുൻപ് കെ.വി.കുഞ്ഞിരാമൻ അണികൾക്ക് അയച്ച ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ഇനി ഫോൺ സ്വന്തമായി ഉപയോഗിക്കാൻ പറ്റില്ല. ഫോൺ കൈമാറുകയാണ്. ആത്മവിശ്വാസം കൈവിടാതിരിക്കുക. രാഷ്ട്രീയപ്രവർത്തനം പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കകം പുറത്തുവരാമെന്നാണു പ്രതീക്ഷിക്കുന്നത്’ എന്നാണു സന്ദേശം.