സിഗ്നൽ കേബിളുകൾ അജ്ഞാതർ മുറിച്ചു; 21 ട്രെയിനുകൾ വൈകി
Mail This Article
ചെങ്ങന്നൂർ ∙ കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയിൽവേ പാലത്തിലെ സിഗ്‌നൽ കേബിളുകൾ അജ്ഞാതർ മുറിച്ചതിനെ തുടർന്നു സിഗ്നൽ സംവിധാനം 7 മണിക്കൂറോളം നിലച്ചു; 21 ട്രെയിനുകൾ വൈകി. ഇന്നലെ പുലർച്ചെ 2.30ന് തിരുവല്ലയിൽ നിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണു തകരാർ നേരിട്ടത്. സിഗ്നൽ ലഭിക്കാതെ ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ നിർത്തിയിട്ടു. സിഗ്‌നൽ സംവിധാനത്തിന്റെ ഭാഗമായുള്ള റെയിൽവേ ഫോണും തകരാറിലായി. പിന്നീട് സിഗ്‌നലിനു പകരം കടലാസിൽ നിർദേശങ്ങൾ എഴുതി നൽകിയാണു (പേപ്പർ മെമ്മോ) അമൃത ഉൾപ്പെടെയുള്ള ട്രെയിനുകൾ കടത്തിവിട്ടത്.
തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിൽ നിന്നു സിഗ്നൽ, കമ്യൂണിക്കേഷൻ ജീവനക്കാർ പാളത്തിലൂടെ നടത്തിയ പരിശോധനയിലാണ് കല്ലിശേരിയിലെ പാലത്തിലെ (പമ്പ ബ്രിജ്) സ്ലാബ് നീക്കി കേബിളുകൾ മുറിച്ചതായ് കണ്ടെത്തിയത്. രാവിലെ 9.25നാണ് തകരാർ പരിഹരിച്ചത്.
സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തും. ചെമ്പുകമ്പി അപഹരിക്കാനായി മോഷ്ടാക്കൾ നടത്തിയ ശ്രമമാകാം എന്നു സംശയിക്കുന്നെങ്കിലും ഗൗരവമായാണു റെയിൽവേ സംഭവത്തെ കാണുന്നത്. സിഗ്നൽ തകരാറിലായതോടെ ഇരു സ്റ്റേഷനുകളിലുമായി വന്ദേഭാരത് ഉൾപ്പെടെ 21 ട്രെയിനുകൾ 5 മുതൽ 10 മിനിറ്റ് വരെ വൈകി.