നിയമനക്കോഴ: വെളിപ്പെടുത്തലുമായി എൻ.എം.വിജയന്റെ കത്തുകൾ
Mail This Article
ബത്തേരി ∙ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ഡിസിസി ട്രഷററായിരുന്ന കെ.കെ. ഗോപിനാഥൻ തുടങ്ങിയവർക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യക്കുറിപ്പും കത്തുകളും പുറത്ത്. കഴിഞ്ഞ 24ന് വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ട എൻ.എം.വിജയനും മകൻ ജിജേഷും 27നാണ് മരിച്ചത്.
ബത്തേരി അർബൻ സഹകരണ ബാങ്ക്, സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങൾക്കായി ഐ.സി. ബാലകൃഷ്ണന്റെ നിർദേശ പ്രകാരം 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും എൻ.ഡി.അപ്പച്ചനു വേണ്ടി കോഴ വാങ്ങിയതിന്റെ പേരിൽ 18 ലക്ഷം രൂപ കടബാധ്യത ആയെന്നും കത്തിലുണ്ട്. അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവർക്ക് 15 ലക്ഷം വാങ്ങി നൽകി. സർവീസ് സഹകരണ ബാങ്കിലെ ബിജെപി ഭരണം അട്ടിമറിക്കാൻ നേതാക്കളുടെ പേരിൽ 32 ലക്ഷം രൂപ വായ്പയെടുത്തു. ആ ബാധ്യത 65 ലക്ഷമായി ഉയർന്നു. മരണത്തിനുത്തരവാദികൾ നേതാക്കളായിരിക്കുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
മകൻ വിജേഷിനും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവർക്കുമാണ് കത്തുകൾ. ഇന്നലെ ഉച്ചയോടെയാണു വിജേഷ് കത്തുകൾ പുറത്തുവിട്ടത്.