കഴിഞ്ഞ വർഷം കേരളത്തിൽ 20 എച്ച്എംപിവി കേസുകൾ; 10 പേർ കുട്ടികൾ: ‘അപകടകാരിയല്ല’
Mail This Article
തിരുവനന്തപുരം ∙ ഹ്യുമൻ മെറ്റന്യുമോ വൈറസ് (എച്ച്എംപിവി) കഴിഞ്ഞവർഷം കേരളത്തിൽ ഇരുപതോളം പേരിൽ കണ്ടെത്തിയെന്നു സംസ്ഥാനത്തെ പ്രമുഖ ലബോറട്ടറികളിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ മാത്രം കഴിഞ്ഞവർഷം 11 എച്ച്എംപിവി കേസുകൾ കണ്ടെത്തിയിരുന്നു. ഇതിൽ 10 പേരും കുട്ടികളായിരുന്നു. 2023 ലും ഇവിടെ എച്ച്എംപിവി വൈറസ് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലും എച്ച്എംപിവി കണ്ടെത്തിയിരുന്നു. എച്ച്എംപിവി രോഗികൾക്കെല്ലാം ചികിത്സ നൽകിയശേഷം ഡിസ്ചാർജ് ചെയ്തു.
എച്ച്എംപിവിക്ക് പ്രത്യേക ചികിത്സയോ വാക്സീനോ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ജലദോഷമോ പനിയോ ഉള്ള ആളിൽ എച്ച്എംപിവി കണ്ടെത്തിയാൽ നിലവിലുളള രോഗം മാറാനുള്ള മരുന്നു മാത്രമേ നൽകാറുള്ളൂ.
നിലവിലെ വൈറസ് അപകടകാരിയല്ലാത്തതിനാൽ ഭയക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗവും അഭിപ്രായപ്പെട്ടത്. പ്രായമേറിയവർ, ഗർഭിണികൾ, അർബുദം, വൃക്ക–കരൾ രോഗികൾ, പ്രമേഹബാധിതർ ഉൾപ്പെടെ വിവിധതരം രോഗങ്ങൾ ഉള്ളവർക്ക് ഒരു തരത്തിലുള്ള വൈറസും ബാധിക്കാൻ പാടില്ല. അതേ ജാഗ്രത എച്ച്എംപിവിയുടെ കാര്യത്തിലും വേണമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
അപകടകാരിയല്ല: മന്ത്രി വീണാ ജോർജ്
എച്ച്എംപിവി അപകടകാരിയായ പുതിയ വൈറസായി കാണാൻ കഴിയില്ലെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ രോഗങ്ങൾ നിരീക്ഷിക്കും. ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽനിന്നു വരുന്നവരിൽ രോഗലക്ഷണങ്ങൾ നിരീക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവർ മാസ്‌ക് ധരിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.