നവകേരളം: അധികതുക അനുവദിച്ചില്ല, ഏറ്റെടുത്ത പലതും ഫണ്ടില്ലാത്തതിനാൽ മാറ്റിവച്ചെന്ന് കത്ത്
Mail This Article
തിരുവനന്തപുരം∙ നാലു മിഷനുകൾ സംയോജിപ്പിച്ച് ഇവയുടെ ഏകോപനത്തിനായി രണ്ടാം പിണറായി സർക്കാർ തുടക്കമിട്ട രണ്ടാം നവകേരളം കർമപദ്ധതിയെയും സാമ്പത്തിക ഞെരുക്കം ബാധിച്ചു. ബജറ്റ് വിഹിതത്തിനു പുറമേ അധികമായി രണ്ടുകോടി രൂപ കൂടി നൽകിയില്ലെങ്കിൽ മാർച്ച് വരെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ നടക്കില്ലെന്നു കോഓർഡിനേറ്റർ ടി.എൻ.സീമ സർക്കാരിനു നൽകിയ കത്ത് തള്ളി. ബജറ്റിനു പുറമേ അധിക തുക ആവശ്യപ്പെട്ട് ഒക്ടോബറിൽ നൽകിയ കത്തിലെ ആവശ്യവും നിരസിച്ചിരുന്നു. വകുപ്പുകളുടെ പദ്ധതിച്ചെലവ് പകുതിയായി കുറയ്ക്കാൻ തീരുമാനിച്ചതിനാൽ അധികതുക അനുവദിക്കാൻ കഴിയില്ലെന്നു സർക്കാർ അറിയിച്ചു.
-
Also Read
റിജിത്ത് വധം: ശിക്ഷാവിധി ഇന്ന്
വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ, പ്രളയം മാപ്പത്തോൺ, കാർബൺ ന്യൂട്രൽ കേരളം, മനസ്സോടിത്തിരി മണ്ണ് എന്നിങ്ങനെ പല പ്രചാരണ പരിപാടികൾ ഈ സാമ്പത്തിക വർഷം നവകേരളം കർമപദ്ധതി ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഫണ്ട് നൽകിയില്ലെങ്കിൽ ഈ പ്രവർത്തനങ്ങളെ ബാധിക്കും. ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം (വിദ്യാകിരണം) എന്നീ മിഷനുകളും കേരള പുനർനിർമാണ പദ്ധതിയും ഉൾപ്പെടുത്തിയാണു മുഖ്യമന്ത്രി അധ്യക്ഷനായി 2021 ഓഗസ്റ്റിൽ സർക്കാർ രണ്ടാം നവകേരളം കർമപദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തിക ഞെരുക്കം കഴിഞ്ഞവർഷം മുതലുണ്ട്. 2023–24 ൽ ബജറ്റിൽ വച്ചിരുന്ന ഫണ്ട് ലഭിക്കാത്തതിനാൽ ഭരണപരമായ ആവശ്യം കഴിഞ്ഞ് 95 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ മാത്രമാണു നടത്താനായത്. ഏറ്റെടുത്ത പല പ്രവർത്തനങ്ങളും പണമില്ലാത്തതിനാൽ മാറ്റിവയ്ക്കേണ്ടിവന്നുവെന്നു സർക്കാരിനു നൽകിയ രണ്ടു കത്തുകളിലും ടി.എൻ.സീമ ചൂണ്ടിക്കാട്ടി.
ഈ സാമ്പത്തികവർഷം 9.2 കോടി രൂപ ബജറ്റിൽ അനുവദിച്ചെങ്കിലും ഇതിൽ 60.5 ലക്ഷം കഴിഞ്ഞ വർഷത്തെ കുടിശികയിലേക്കു വകയിരുത്തുകയാണു സർക്കാർ ചെയ്തത്. ബാക്കി തുക 5 ഗഡുവായി നൽകി. അവസാന ഗഡു 76.5 ലക്ഷം രൂപ കഴിഞ്ഞദിവസമാണ് അനുവദിച്ചത്. അധികമായി 2.5 കോടി വേണമെന്ന് ഒക്ടോബറിലും 2 കോടി വേണമെന്നു നവംബറിലും നടത്തിയ അഭ്യർഥനകൾ സ്വീകരിച്ചില്ല. കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികൾക്കു പരിഹാരമായി നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചതാണു രണ്ടാം നവകേരളം കർമ പദ്ധതി.
ബജറ്റിൽ അനുവദിച്ച തുകയിൽ സർക്കാർ കുറവ് വരുത്തിയിട്ടില്ല. കൂടുതൽ ചോദിച്ചതു സ്വാഭാവിക നടപടിയാണ്. ഫണ്ടിന്റെ കുറവുണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ പരിപാടികൾ നടപ്പാക്കും.
ടി.എൻ.സീമ, നവകേരളം മിഷൻ കോഓർഡിനേറ്റർ