തിരുവനന്തപുരം ലോക പുസ്തകതലസ്ഥാനമാകണം : മുഖ്യമന്ത്രി; കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവം തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റെ തലസ്ഥാനത്തിനു യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്കു നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് ലോക സാഹിത്യനഗരമായതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ ‘വേൾഡ് ബുക്ക് ക്യാപ്പിറ്റൽ’ ആകണം. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് ആ പദവിക്ക് അർഹതയുണ്ടെങ്കിൽ ആദ്യം പരിഗണിക്കേണ്ടതു കേരളത്തിന്റെ നഗരങ്ങളെയാണ്. യുഎൻ രൂപീകൃതമായ 1945ൽ തന്നെ ഗ്രന്ഥശാലാ പ്രസ്ഥാനം ഇവിടെ തുടങ്ങി. ലോകത്ത് വായന മരിക്കുന്നു എന്നു കേൾക്കുമ്പോഴും വായന തളിർക്കുന്ന അനുഭവം നിലനിന്ന നാടാണിത്. ബീഡി തെറുത്തുകൊണ്ടിരിക്കുമ്പോൾ പോലും പുസ്തകങ്ങൾ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകം കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങൾക്കും അരാജകചിന്തകൾക്കുമെതിരായ ചെറുത്തുനിൽപാണു നിയമസഭാ രാജ്യാന്തര പുസ്തകോത്സവമെന്ന് അധ്യക്ഷനായിരുന്ന സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കേരള നിയമസഭയുടെ മാതൃകയിൽ കർണാടക നിയമസഭയും രാജ്യാന്തര പുസ്തകോത്സവം സംഘടിപ്പിക്കുമെന്നു മുഖ്യാതിഥിയായിരുന്ന കർണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ് പറഞ്ഞു. രണ്ടാം പതിപ്പിന്റെ സ്മരണിക സാഹിത്യകാരൻ ദേവ്ദത്ത് പട്‌നായിക് പ്രകാശനം ചെയ്തു.
അന്തരിച്ച ഡോ.മൻമോഹൻ സിങ്, എം.ടി.വാസുദേവൻ നായർ എന്നിവർക്ക് അനുശോചനമർപ്പിച്ച് ആരംഭിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ ജി.ആർ.അനിൽ, കെ.ബി.ഗണേഷ്കുമാർ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ, കലക്ടർ അനുകുമാരി എന്നിവർ പ്രസംഗിച്ചു. ബിജെപി നേതാവ് ഒ.രാജഗോപാലും ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു. ഇന്നലെ പുസ്തകോത്സവത്തിൽ 31 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 13നാണ് സമാപനം.