സഭയുടെ നന്മ ലക്ഷ്യമാക്കുക: മാർ റാഫേൽ തട്ടിൽ; സിറോ മലബാർ സഭാ സിനഡ് സമ്മേളനത്തിന് തുടക്കം
Mail This Article
കൊച്ചി∙ സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആഹ്വാനം ചെയ്തു. സിറോ മലബാർ സഭാ സിനഡിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾക്കു നടുവിലും സാഹോദര്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതെ 'സിനഡാലിറ്റി'യുടെ ചൈതന്യത്തിൽ ഒരുമിച്ചു നടക്കാൻ സാധിക്കട്ടെയെന്നു മേജർ ആർച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ അനുമോദിച്ചു. ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് ധ്യാന സന്ദേശം നൽകി.
രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് കുന്നത്ത്, പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി പൂർത്തിയാക്കിയ മാർ ജോസഫ് പെരുന്തോട്ടം, രജതജൂബിലി പൂർത്തിയാക്കിയ മാർ തോമസ് തറയിൽ എന്നിവരെയും മേജർ ആർച്ച്ബിഷപ് ആശംസകൾ അറിയിച്ചു. ഈ വർഷം സിറോ മലബാർ സഭയിൽ പൗരോഹിത്യ പട്ടമേറ്റ 283 നവവൈദികരെയും, സമർപ്പിത സമൂഹങ്ങളിൽ ആദ്യവ്രത വാഗ്ദാനം നടത്തിയ 404 പേരെയും നിത്യവ്രത വാഗ്ദാനം നടത്തിയ 483 പേരെയും മേജർ ആർച്ച്ബിഷപ് അഭിനന്ദിച്ചു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചു സിനഡ് ചർച്ചകൾ ആരംഭിച്ചു. 11 നു സിനഡ് സമ്മേളനം സമാപിക്കും.