ADVERTISEMENT

ബത്തേരി ∙ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പും നേതാക്കൾക്ക് അദ്ദേഹം എഴുതിയ കത്തുകളും ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കാൻ പ്രത്യേക അന്വേഷണസംഘം. കുറിപ്പും കത്തുകളും വ്യാജമാണെന്ന ആരോപണം കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്നുയർന്ന സാഹചര്യം കൂടി കണക്കിലെടുത്താണിത്.

കുറിപ്പുകൾ വിജയന്റേതാണെന്ന് ഉറപ്പാക്കിയാൽ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസ് എടുക്കേണ്ടിവരും. ഔദ്യോഗിക രേഖകളിലോ മിനിട്സുകളിലോ മറ്റ് ഉറപ്പാക്കാവുന്ന പ്രമാണങ്ങളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷരങ്ങൾ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെയും കത്തുകളിലെയും കയ്യക്ഷരവുമായി ഒത്തുനോക്കും. ശാസ്ത്രീയപരിശോധന നടത്തിയശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കും.

വിജയൻ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കത്തുകളും നേരത്തെ ലഭിച്ചിരുന്നെന്നു പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ഉണ്ടെന്ന വിവരം വിജയന്റെ കുടുംബം ആദ്യം തന്നെ അറിയിച്ചിരുന്നു. കത്തു ഹാജരാക്കാൻ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കത്ത് എഴുതിവച്ചതുകൊണ്ടു മാത്രം ആത്മഹത്യാപ്രേരണ ആകണമെന്നില്ലെന്നും അന്വേഷണത്തിൽ അതു ബോധ്യമായാൽ നടപടിയുണ്ടാകുമെന്നും ഡിവൈഎസ്പി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ വിജയന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപെടെ 20 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം, വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക ആരോപണങ്ങളിൽ വിജിലൻസ് സംഘം ഇന്നലെ മകൻ വിജേഷിന്റെ മൊഴിയെടുത്തു. അച്ഛന്റെ കത്തുകളിലും മാധ്യമവാർത്തകളിലും കണ്ട സാമ്പത്തിക ഇടപാടുകൾ മാത്രമേ അറിയൂ എന്ന് അന്വേഷണസംഘത്തിനു വിജേഷ് മൊഴി നൽകി.

English Summary:

N.M. Vijayan's Suicide Note: Suicide note and letters sent for forensic examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com