ജലജന്മങ്ങൾ നേരിട്ടുകാണാൻ അമേരിക്കൻ സംഘം കോട്ടയത്ത്
Mail This Article
കോട്ടയം ∙ ഒരു നോവൽ വായിച്ചു ഹരം കയറി അതിലെ സ്ഥലങ്ങളെയും കഥാപാത്രങ്ങളെയും തേടി ഏഴാംകടലിന് അക്കരെ നിന്നു കോട്ടയത്തേക്ക്! നോവലിൽ പറഞ്ഞിരിക്കുന്നതു പോലെ മുണ്ടു ധരിക്കുന്നതു നേരിട്ടു കാണുന്നു, മീൻകറി കഴിക്കുന്നു, കിണ്ടിയിൽനിന്നു വെള്ളം കുടിക്കുന്നു...
കഥയല്ലിത്, യാഥാർഥ്യം! മലയാളിയും യുഎസിൽ ഡോക്ടറുമായ ഏബ്രഹാം വർഗീസ് രചിച്ച ‘ദ് കവനന്റ് ഓഫ് വാട്ടർ’ എന്ന പ്രശസ്ത നോവൽ വായിച്ചാണു ന്യൂയോർക്കിൽ നിന്നു പത്തംഗ വനിതാസംഘം മൂന്നാഴ്ച മുൻപു കോട്ടയത്തെത്തിയത്. പാലാ-പൊൻകുന്നം റൂട്ടിൽ കുരുവിനാക്കുന്നേൽ ജോസ് ഡൊമിനിക്കിന്റെ മടുക്കാക്കുന്ന് ഫാമിൽ ഒരു ദിനം ചെലവഴിച്ച സംഘം നോവലിലെ പല കാര്യങ്ങളും നേരിട്ടു കണ്ടും അറിഞ്ഞും മനസ്സിലാക്കിയാണു മടങ്ങിയത്. 68 നും 72 വയസ്സിനും ഇടയിലുള്ളവരാണു സംഘത്തിലുണ്ടായിരുന്നത്.
നോവലിലെ മീൻകറി രുചിച്ച് ആഹ്ലാദിച്ച സംഘത്തിന് ഒരു കാര്യം അദ്ഭുതമായിത്തോന്നി; പെണ്ണുകാണൽ! വെറും അഞ്ചോ പത്തോ മിനിറ്റ് പരസ്പരം സംസാരിച്ച ശേഷം വിവാഹം കഴിക്കുന്നവർ ദശാബ്ദങ്ങളോളം ദമ്പതികളായി എങ്ങനെ തുടരുന്നു എന്നതിലായിരുന്നു അവർക്ക് അദ്ഭുതം. ഫാം ഉടമ ജോസിന്റെയും ഭാര്യ അനീറ്റയുടെയും ദാമ്പത്യജീവിതം നോവലിലെപ്പോലെ തന്നെ വിജയകരമായി തുടരുന്നതുകണ്ട സംഘത്തിന് അതിശയം ഇരട്ടിച്ചു.
രണ്ടു മൂന്നു വർഷം ഒരുമിച്ചു ജീവിച്ചതിനു ശേഷം തങ്ങൾ ആരംഭിച്ച വിവാഹജീവിതം പോലും പരാജയമായിരുന്നെന്ന് അവരിൽ ചിലർ പറഞ്ഞു. ടൂറിസം, ഹോട്ടൽ വ്യവസായ മേഖലയിലുള്ള തനിക്ക് ഇങ്ങനെയൊരു സംഘത്തിന്റെ അക്ഷരയാത്രാനുഭവം ആദ്യമാണെന്നു ജോസ് ഡൊമിനിക് പറഞ്ഞു. ന്യൂയോർക്ക് ൈടംസിലെ ബെസ്റ്റ് സെല്ലർ കൃതിയായി 37 ആഴ്ച തുടർന്ന നോവലിന്റെ ചലച്ചിത്രാവകാശം അമേരിക്കൻ ടിവി അവതാരക ഓപ്ര വിൻഫ്രി വാങ്ങിയതോടെ രാജ്യാന്തരതലത്തിൽ കൂടുതൽ ശ്രദ്ധ നേടി. ഓപ്ര ബുക്ക് ക്ലബ്ബിലും നോവൽ ചർച്ചയായി.
2023ൽ രചിച്ച ദ് കവനന്റ് ഓഫ് വാട്ടറിന്റെ മലയാള പരിഭാഷ ‘ജലജന്മങ്ങൾ’ മനോരമ ബുക്സാണു പ്രസിദ്ധീകരിച്ചത്. റേഡിയോ ജേണലിസ്റ്റ് കെറി മില്ലറുടെ സിറെൻ സൊജേൺസ് എന്ന കമ്പനിയാണ് പുസ്തകപ്രേമികളായ സംഘത്തിന്റെ യാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്കു മുൻപ് ഏബ്രഹാം വർഗീസുമായി വിശദമായ അഭിമുഖവും നടത്തിയിരുന്നു.