ADVERTISEMENT

തിരുവനന്തപുരം∙ ജലവിഭവ വകുപ്പിനു കീഴിലുള്ള അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും വൃഷ്ടി പ്രദേശത്തിന്റെ 20 മീറ്ററിനുള്ളിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കു പൂർണ വിലക്ക്. ഈ 20 മീറ്റർ പ്രദേശം സുരക്ഷിത മേഖലയായി (ബഫർ സോൺ) പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിന്നു 100 മീറ്റർ വരെയുള്ള സ്ഥലത്തു നിയന്ത്രിത നിർമാണത്തിനു മാത്രമേ ഇനി നിരാക്ഷേപ പത്രം (എൻഒസി) അനുവദിക്കുകയുള്ളൂ.

നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്നവയ്ക്കു പുതിയ നിബന്ധനകൾ ബാധകമല്ല. അണക്കെട്ട്, ജലസംഭരണി എന്നിവിടങ്ങളിലെ ജലത്തിന്റെ പരമാവധി സംഭരണശേഷി മുതലുള്ള ദൂരമാണു നിർമാണ പ്രവർത്തനങ്ങൾക്കായി മാനദണ്ഡമാക്കുക. അണക്കെട്ട്, ജലസംഭരണി എന്നിവയുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇനി മുതൽ നിർമാണ പ്രവർത്തനത്തിനുള്ള എൻഒസി അപേക്ഷകളിൽ തീരുമാനമെടുക്കുക. സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് ഇതുവരെ നിരാക്ഷേപ പത്രം അനുവദിച്ചിരുന്നത്.

പൊതു നിബന്ധനകൾ

∙ നിർമാണ പ്രവർത്തനത്തിനു ജലസംഭരണിയിലെ ജലം ഉപയോഗിക്കരുത്

∙ നിർമാണം നടത്തുന്നയാൾ മണ്ണൊലിപ്പ് തടയാൻ നടപടിയെടുക്കണം

∙ ഖര, ദ്രവ മാലിന്യങ്ങൾ ഡാമിൽ തള്ളാൻ പാടില്ല

∙ നിബന്ധനകൾ ലംഘിച്ചാൽ എൻഒസി റദ്ദാക്കും.

ഡാം സുരക്ഷാ സമിതി രൂപീകരണം; കേന്ദ്രം പ്രതികരണം അറിയിക്കണം

ന്യൂഡൽഹി ∙ ഡാം സുരക്ഷ അതോറിറ്റി നിയമപ്രകാരമുള്ള ദേശീയ സമിതി രൂപീകരിക്കാത്തതിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണിത്. 2021 ലെ ഡാം സുരക്ഷാ നിയമം പ്രാബല്യത്തിൽ വന്ന് 60 ദിവസത്തിനകം സമിതിക്കു രൂപം നൽകണമെന്നാണു വ്യവസ്ഥ. ഇതുവരെ സമിതിക്കു രൂപം നൽകിയിട്ടില്ലെന്നാണ് ബോധ്യമെന്നു ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സമിതിയുടെ രൂപീകരണം, ഘടന, ചുമതലകൾ തുടങ്ങിയവയൊന്നും തീരുമാനിക്കപ്പെട്ടിട്ടില്ലെന്നു നിരീക്ഷിച്ച ബെഞ്ച് ഹർജി 22നു പരിഗണിക്കാനായി മാറ്റി.  

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ നൽകിയ റിട്ട് ഹർജിയാണ് പരിഗണിക്കുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ജോ ജോസഫ് കേസിൽ (2022) സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പൂർണമായും നടപ്പാക്കിയിട്ടില്ലെന്ന പരാമർശവും ബെഞ്ചിൽ നിന്നുണ്ടായി. ഡാം സുരക്ഷ അതോറിറ്റി പൂർണ സജ്ജമാകുന്നതിനു പുറമേ, തദ്ദേശീയരിൽ നിന്നുൾപ്പെടെ അഭിപ്രായം സ്വീകരിച്ചു നടപടിയെടുക്കുമെന്ന നിർദേശവും ഉത്തരവിലുണ്ടായിരുന്നു. 

English Summary:

Construction ban near dams: 20-Meter buffer zone established around Kerala dams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com