ADVERTISEMENT

കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ സിപിഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. പ്രതികൾക്കു ജാമ്യം അനുവദിച്ചു. ശിക്ഷാവിധി ചോദ്യംചെയ്തുള്ള അപ്പീലിനൊപ്പം പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചാണു ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. 

20-ാം പ്രതി കുഞ്ഞിരാമനു പുറമേ 14-ാം പ്രതി മണികണ്ഠൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരാണ് അപ്പീലും അപേക്ഷയും നൽകിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചുവെന്ന കുറ്റത്തിനു സിബിഐ കോടതി ഇവർക്ക് 5 വർഷം തടവുശിക്ഷയും 10,000 രൂപ പിഴയും നൽകിയിരുന്നു. 

കുറഞ്ഞ ശിക്ഷയും അപ്പീലുകൾ തീർപ്പാക്കാനുള്ള താമസവും പരിഗണിച്ച് പ്രതികൾക്കു ജാമ്യം നൽകുന്നതു മേൽക്കോടതിയുടെ സാധാരണ നടപടിക്രമമാണ്. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണു പ്രതികൾ പുറത്തിറങ്ങുക. വിചാരണക്കോടതി വിധിച്ച പിഴത്തുക കെട്ടണമെന്നും നിർദേശമുണ്ട്.

English Summary:

Periya Double Murder Case: Bail for four accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com