പി.വി.അൻവറിന്റെ കാര്യം: ലീഗ് കോൺഗ്രസ് തീരുമാനത്തിനൊപ്പം
Mail This Article
തിരുവനന്തപുരം ∙ പി.വി.അൻവർ എംഎൽഎയെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്നു കോൺഗ്രസ് നേതൃത്വത്തെ മുസ്‍ലിം ലീഗ് അറിയിച്ചു. മുന്നണിയുടെ ഭാവിയെക്കരുതി അൻവറിനെ സഹകരിപ്പിക്കേണ്ടെന്നാണു കോൺഗ്രസിന്റെ തീരുമാനമെങ്കിൽ അതും സ്വീകാര്യം. ഇക്കാര്യത്തിൽ മുന്നണിക്കുള്ളിൽ ഭിന്നസ്വരമുയർത്താൻ ലീഗില്ല.
പ്രധാന നേതാക്കൾ തമ്മിൽ ഫോൺവഴി നടത്തിയ ആശയവിനിമയത്തിലാണു ധാരണ. കോൺഗ്രസ് നേതാക്കളെ കാണാൻ കൂടി ലക്ഷ്യമിട്ട് ഇന്നലെ തലസ്ഥാനത്തെത്തിയെങ്കിലും ആരും അൻവറിനു സമയം നൽകിയില്ല. അൻവർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചതിനു പിന്നാലെയാണ് കോൺഗ്രസുമായി ലീഗ് നേതൃത്വം ബന്ധപ്പെട്ടത്.
സമരത്തിന്റെ പേരിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അൻവറിനു പിന്തുണ നൽകുന്നതായി ദുർവ്യാഖ്യാനം ചെയ്തെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്. പ്രവർത്തകരുടെ അക്രമസമരത്തിന്റെ പേരിൽ എംഎൽഎയെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത സർക്കാർ ശൈലിയോടാണു പ്രതികരിച്ചത്. പഴയ അനുയായി എന്ന നിലയിൽ കെ.സുധാകരന് അൻവറിനോടു താൽപര്യമുണ്ടെങ്കിലും പാർട്ടിയുടെ പൊതുതീരുമാനം അൻവറിനെതിരാണെങ്കിൽ അംഗീകരിക്കേണ്ടിവരും.
∙മണ്ഡലത്തിലെ ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണു തലസ്ഥാനത്തെത്തിയത്. രണ്ടുമൂന്നു ദിവസം ഇവിടെയുണ്ടാകും. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളെ കാണാൻ അവസരം ലഭിച്ചാൽ കൂടിക്കാഴ്ച നടത്തും.-പി.വി.അൻവർ എംഎൽഎ