അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം, 6.3 തീവ്രത; 20 മിനിറ്റിനു പിന്നാലെ തുടർഭൂചലനവും
Mail This Article
ഹെറാത്ത്∙ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. 6.3 തീവ്രതയുള്ള ഭൂചലനമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1500 ഓളം പേർക്കു ജീവൻ നഷ്ടമായി വെറും ഒരാഴ്ച പിന്നിടുമ്പോഴാണ് അഫ്ഗാനിസ്ഥാനിൽനിന്നു വീണ്ടും ഭൂചലനത്തിന്റെ വാർത്തകൾ വരുന്നത്.
രാവിലെ എട്ടുമണിയോടെയാണു ഭൂചലനം ഉണ്ടായത്. ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറാണു പ്രഭവകേന്ദ്രം. ആദ്യ ഭൂചലനത്തിനു 20 മിനിറ്റിനു പിന്നാലെ 5.5 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി. അത്യാഹിതങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവസ്ഥലത്തു പരിശോധന തുടരുകയാണെന്നു ഡിസാസ്റ്റർ മാനേജ്‍മെന്റ് ഉദ്യോഗസ്ഥർ എഎഫ്പിയോടു പറഞ്ഞു. ഒക്ടബോർ ഏഴിന് 6.3 തീവ്രതയുള്ള ഭൂചലനവും ഏഴ് തുടർഭൂചലനവും ഹെറാത്തിൽ ആഞ്ഞടിച്ചിരുന്നു. ആയിരത്തിൽ അധികം ആളുകൾക്കു ഭൂചലനത്തിൽ ജീവൻ നഷ്ടമായെന്നായിരുന്നു താലിബാൻ സർക്കാരിന്റെ കണക്കുകൾ. 1400 ഓളം പേർ മരിച്ചെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി.