‘ഗൂഢാലോചനയിൽ ജലീൽ, മന്ത്രി അബ്ദു റഹിമാൻ, സിപിഎം; കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിച്ചതിൽ സന്തോഷം’
Mail This Article
കോഴിക്കോട്∙ കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസ് കള്ളക്കേസാണെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെ മന്ത്രി വി.അബ്ദു റഹ്മാൻ, കെ.ടി.ജലീൽ എംഎൽഎ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ കേസ് പൊളിഞ്ഞു പാളീസായെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കടിച്ച പാമ്പിനേക്കൊണ്ടു തന്നെ വിഷം ഇറക്കിച്ചു. കെ.ടി. ജലീലും മന്ത്രി വി. അബ്ദു റഹ്മാനും സിപിഎം നേതൃത്വവുമാണു തനിക്കെതിരെ പ്രവര്‍ത്തിച്ച കോടാലിക്കൈകളെന്നു ഫിറോസ് ആരോപിച്ചു. ഗൂഢാലോചനക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അബ്ദു റഹ്മാന് മന്ത്രിപദത്തില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും ഫിറോസ് പറഞ്ഞു.
‘‘കേരളത്തിൽ പ്രതിപക്ഷ സ്വരങ്ങൾക്കെതിരെയാണു പിണറായി വിജയൻ ഭരണകൂടം വേട്ടയാടൽ നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കെ.എം. ഷാജി എന്നിങ്ങനെ പ്രതികരിക്കുന്ന മുഴുവൻ ആളുകളെയും വേട്ടയാടുന്നതിന്റെ ഭാഗമായിട്ടാണ് എനിക്കെതിരെയും അന്നത്തെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറിനെതിരെയും കത്വ ഫണ്ടുമായി ബന്ധപ്പെട്ട് കേസെടുത്തത്. അത് കള്ളക്കേസാണെന്നും രാഷ്ട്രീയ വൈരാഗ്യത്തോടെ കൊടുത്ത കേസാണെന്നും പൊലീസ് തന്നെ കണ്ടെത്തിയിരിക്കുന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിച്ചു എന്ന സന്തോഷത്തിലാണ് ഞങ്ങള്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ താനൂരിൽ മത്സരിച്ചപ്പോൾ ഈ എഫ്ഐആറിന്റ പകർപ്പാണു വ്യാപകമായി പ്രചരിപ്പിച്ചത്. ഓരോ വീട്ടിലും എഫ്ഐആറിന്റെ പകർപ്പ് കൊണ്ടുപോയിക്കൊടുത്ത് കത്വ ഫണ്ട് തിരിമറി നടത്തിയ കേസിലെ പ്രതിയാണു ഞാനെന്നായിരുന്നു പ്രചാരണം. ഇന്നത്തെ മന്ത്രി വി.അബ്ദു റഹ്മാനും സിപിഎം നേതാക്കളുമാണ് പ്രചാരണം നടത്തിയത്. മന്ത്രി വി.അബ്ദു റഹിമാന് ആ പദവിയിലിരിക്കാൻ ധാർമികമായി അർഹതയില്ല. കാരണം, അന്ന് ഉയർത്തിയത് കള്ളമാണെന്ന് പൊലീസ് തന്നെ കണ്ടെത്തിയിരിക്കുന്നു.
ഗൂഢാലോചന നടത്തിയാണ് ഇത്തരമൊരു കേസ് നൽകിയത്. യൂത്ത് ലീഗിന്റെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ മന്ത്രി സ്ഥാനത്തുനിന്നു രാജിവയ്‌ക്കേണ്ടി വന്ന കെ.ടി. ജലീലാണ് ഇതിനു നേതൃത്വം കൊടുത്തത്. കെ.ടി.ജലീലും വി.അബ്ദു റഹിമാനും സിപിഎം നേതാക്കളും ഗൂഢാലോചന നടത്തി. എന്തായാലും അന്വേഷണം നടത്തി ഇത് കള്ളക്കേസാണെന്നും രാഷ്ട്രീയ വൈരാഗ്യത്തോടെ നൽകിയതാണെന്നും പൊലീസ് തന്നെ കണ്ടെത്തിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത്തരമൊരു ഗൂഢാലോചന നടത്തിയതിനു കേരളത്തിലെ ജനങ്ങളോടു മാപ്പു പറയാൻ കെ.ടി.ജലീലും മന്ത്രി അബ്ദു റഹ്മാനും സിപിഎം നേതൃത്വവും ഡിവൈഎഫ്ഐയും സൈബർ സഖാക്കളും തയാറാകണം.
ഈ കേസിൽ പിണറായി വിജയന്റെ പൊലീസ് തന്നെയാണ് അന്വേഷിച്ച് വസ്തുത കണ്ടെത്തിയത്. അതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. സത്യം വിജയിക്കും എന്നതിന്റെ തെളിവ് ഇതിലെ രണ്ടു വരിയാണ്. ഒന്ന് ഈ കേസ് കള്ളമാണെന്നും രണ്ട്, ഇത് രാഷ്ട്രീയ വൈരാഗ്യത്തോടെ കൊടുത്ത കേസാണെന്നുമാണ്. ഇത് യൂത്ത് ലീഗിനു ലഭിച്ച ഒരു സർട്ടിഫിക്കറ്റായിട്ട് ഞങ്ങൾ ചില്ലിട്ടു സൂക്ഷിച്ചുവയ്ക്കും. മറിച്ചൊരു റിപ്പോർട്ട് കൊടുത്താൽ പൊലീസുകാരും കോടതി കയറേണ്ടി വരും എന്നതുകൊണ്ടായിരിക്കാം അവർ ഇത്തരത്തിൽ റിപ്പോർട്ട് കൊടുത്തത്. എന്തായാലും ഈ കേസുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നുണ്ട്’’ – ഫിറോസ് പറഞ്ഞു.