കളമശേരി സ്ഫോടനം അങ്ങേയറ്റം അപലപനീയം; സമൂഹം ഒറ്റക്കെട്ടായി എതിർക്കണം: സമസ്ത
Mail This Article
കോഴിക്കോട് ∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനായോഗത്തിലുണ്ടായ സ്ഫോടനം അങ്ങേയറ്റം അപലപനീയമാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നു പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാരും ആവശ്യപ്പെട്ടു.
‘‘മതസൗഹാർദത്തിനും സമാധാന അന്തരീക്ഷത്തിനും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിനു തടസ്സമുണ്ടാക്കുന്ന ഏതു നീക്കത്തെയും സമൂഹം ഒറ്റക്കെട്ടായി എതിർക്കണം. നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണം. അഭ്യൂഹങ്ങൾ പരത്തി സമാധാനാന്തരീക്ഷം തകർക്കരുത്. മത ചിഹ്നങ്ങൾ, ആരാധനാലയങ്ങൾ എന്നിവ പവിത്രമായി കാണണം. ഇത്തരം സംഭവങ്ങൾ ഒരിടത്തും ഉണ്ടാകരുത്’’ – നേതാക്കൾ അഭിപ്രായപ്പെട്ടു.
കൊച്ചി കളമശേരിയിൽ സാമ്ര കൺവൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവൻഷനിടെ ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്ഫോടനം. ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്കു പൊള്ളലേൽക്കുകയും ചെയ്തു. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസിയും സ്ഥലത്തെത്തി.