മുഖ്യമന്ത്രി കളമശേരിയിൽ; സ്ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു, പിന്നാലെ ആശുപത്രിയിലെത്തി
Mail This Article
തിരുവനന്തപുരം∙ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ കാണാൻ സർവകക്ഷിയോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിലെത്തി. സ്‌ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചതിനു പിന്നാലെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി കണ്ടു. ഇവിടെ നാലുപേർ ഐസിയുവിൽ ചികിത്സയിലാണ്.
ആസ്റ്റർ മെഡ്‍സിറ്റിയിലും സൺറൈസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററിലാണ് കളമശേരിയിലേക്കു സംഘം എത്തിയത്.
സ്ഫോടനത്തിൽ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചിരുന്നു. മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടുത്തും സഹോദരന് അറുപതുശതമാനത്തിനടുത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി രാവിലെ വിശദീകരിച്ചിരുന്നു.
സ്ഫോടനങ്ങളിൽ മൂന്നുപേരാണു മരിച്ചത്. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. മരിച്ചവരിലൊരാൾ ലെയോണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 90% പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ലിബിന പുലർച്ചെ ഒരുമണിയോടെയാണു മരിച്ചത്.