ADVERTISEMENT

ഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രിയെ പോലും അഴിക്കുള്ളിലാക്കുന്ന തരത്തിലേക്ക് ഡൽഹി മദ്യനയ അഴിമതിക്കേസ് മാറുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകി. നേരത്തെ സിബിഐ കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു.

ഡൽഹിയുടെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയ്ക്ക് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെ കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ല എന്ന തിരിച്ചറിവിലാണ് ആം ആദ്മി പാർട്ടി. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ അരവിന്ദ് കേജ്‌രിവാളിനും കൂട്ടർക്കും ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഇതോടെ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ നടക്കുന്ന യുദ്ധം പുതിയ തലത്തിലേക്ക് മാറുകയാണ്. 

സിബിഐയ്ക്ക് പിന്നാലെ ഇ.ഡി

കഴിഞ്ഞ ഏപ്രിലിൽ ഒൻപത് മണിക്കൂറാണ് സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ‌, പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്നിവർക്കൊപ്പമാണ് കേജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിനെ രാഷ്ട്രീയപരമായി നേരിടുമെന്ന വ്യക്തമായ സന്ദേശം നൽകുന്നതിനാണ‌് മുതിർന്ന നേതാക്കൾക്കൊപ്പം കേജ്‌രിവാൾ എത്തിയത്. യാതൊരു തെളിവും അന്വേഷണ ഏജൻസികളുടെ കയ്യിലില്ലെന്നാണ് ചോദ്യം െചയ്യലിന് ശേഷം കേജ്‌രിവാൾ പ്രതികരിച്ചത്.

എന്നാൽ സിസോദിയയുടെ ജാമ്യം നിഷേധിച്ചതിലൂടെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ പൂർണമായി തള്ളാൻ കോടതി തയാറായിട്ടില്ല എന്നാണ്  വ്യക്തമാകുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ സിസോദിയ ജയിലിലാണ്. ജാമ്യഹർജിയുമായി പല കോടതികളെയും സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടാകാ​ഞ്ഞതിനെ തുടർന്നാണ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയതും തള്ളപ്പെട്ടതും. തൊട്ടുപിന്നാലെ കേജ്‌രിവാളിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകി. 

മനീഷ് സിസോദിയ (Photo: Twitter)
മനീഷ് സിസോദിയ (Photo: Twitter)

എന്താണ് വിവാദം ?

വിദഗ്ധ സമിതിയുെട നിർദേശപ്രകാരം 2021 നവംബർ 17നാണ് വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തിൽ വന്നത്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നയം അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് നൽകി. ഇതോടെ സർക്കാരിന് മദ്യവിൽപനയിലുള്ള നിയന്ത്രണം അവസാനിച്ചു.

നയത്തിനെതിരെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ രംഗത്തെത്തി. പുതിയ നയത്തിലൂടെ എല്ലായിടത്തും തുല്യമായ രീതിയിൽ മദ്യം വിതരണം ചെയ്യപ്പെടുമെന്ന് സർക്കാർ വാദിച്ചെങ്കിലും വിലപ്പോയില്ല. തുടർന്ന് 2022  ജൂലൈയിൽ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു. 

മദ്യവിൽപ്പനയ്ക്ക് ലൈസൻസ് നേടിയവർക്ക് സർക്കാർ സഹായം ചെയ്തുനൽകിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പണം കെട്ടിവയ്ക്കുന്നതിന് സർക്കാർ സമയം നീട്ടി നൽകുകയായിരുന്നു. ഇതിലൂടെ സ്വകാര്യ  ചെറുകിട വ്യാപാരികൾ വൻ സാമ്പത്തിക ലാഭമുണ്ടാക്കി. അതേ സമയം, ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നിൽ ഉന്നതതലത്തിലുള്ള അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. വലിയ തുക ഉപഹാരമായി നേതാക്കൾ കൈപ്പറ്റുകയും പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നും സിബിഐ പറയുന്നു. 

ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഡൽഹി മദ്യനയ അഴിമതിയിലേക്ക് വെളിച്ചം വീശിയത്. 1991ലെ ജിഎൻസിടിഡി നിയമം, 1993 ലെ ട്രാൻസ്ഫർ ഓഫ് ബിസിനസ് റൂൾസ്, 2009, 2010 വർഷങ്ങളിലെ ഡൽഹി എക്സൈസ് നിയമങ്ങൾ എന്നിവ ലംഘിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന് പിന്നാലയാണ് ‍ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.െക.സക്േസന അന്വേഷണത്തിന് ഉത്തരവിട്ടത്. 2022 ജൂലൈ 22ന് ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇഡിയും കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. 

അരവിന്ദ് കേജ‍്‍രിവാൾ, വി.കെ. സക്സേന
അരവിന്ദ് കേജ‍്‍രിവാൾ, വി.കെ. സക്സേന

തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ ? പ്രതിരോധത്തിൽ എഎപി

ആറ് മാസത്തിനുള്ളിൽ ലോക്സഭാ തിരഞ്ഞെടുപ്പും 2025 ആദ്യം നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെയാണ് അഴിമതിക്കേസിൽപെട്ട് ആം ആദ്മി പാർട്ടി നേതാക്കൾ ജയിലിലായത്. ശക്തരായ നേതാക്കൾ അഴിക്കുള്ളിലായത് പാർട്ടിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഒടുവിൽ അന്വേഷണ ഏജൻസികൾ കേജ്‌രിവാളിന്റെ പടിക്കൽ എത്തിനിൽക്കുകയാണ്.

ബിജെപിക്ക് തിരഞ്ഞെടുപ്പിൽ എഎപിയെ ജയിക്കാൻ സാധിക്കില്ല. അതിനാൽ എല്ലാ ശക്തിയും ഉപയോഗിച്ച് എഎപിയെ തീർക്കാൻ ശ്രമിക്കുകയാണ്. കേജ്‌രിവാൾ അറസ്റ്റിലായാൽ ഇന്ത്യ മുന്നണിയിലെ ഓരോ നേതാക്കളും വൈകാതെ ജയിലിലാകും.

അഴിമതിയുമായി ബന്ധപ്പെട്ട് 338 കോടി രൂപയുടെ കൈമാറ്റം നടന്നതായി താൽക്കാലികമായി സ്ഥാപിക്കാൻ അന്വേഷണ ഏജൻസികൾക്കു സാധിച്ചെന്നു സുപ്രീം കോടതി വ്യക്തമാക്കിയതാണ് എഎപിക്ക് വൻ തിരിച്ചടിയായത്. സുപ്രീം കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയതോടെ രാഷ്ട്രീയ പ്രേരിതമായ കേസ് എന്ന ആരോപണം കൊണ്ട് എഎപിക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്ത സാഹചര്യമായി. അഴിമതിയെക്കുറിച്ച് പാർട്ടിപ്രവർത്തകരോടും ജനത്തോടും മറുപടി പറയേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. സിസോദിയയെ കൂടാതെ മറ്റൊരു മുതിർന്ന നേതാവായ സഞ്ജയ് സിങ്ങും ജയിലിലാണ്.

സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കേസിൽ തെളിവില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും ആവർത്തിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എഎപി നേതാക്കളുടെ മുഖത്തേറ്റ അടിയാണ് സുപ്രീം കോടതി ഉത്തരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo/Shahbaz Khan)
പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo/Shahbaz Khan)

അഴിമതിയുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്യപ്പെട്ടെന്ന് പറയപ്പെടുന്ന 338 കോടി രൂപയുടെ വിശദാംശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കേജ‍്‍രിവാൾ തയാറാകണമെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി ആവശ്യപ്പെട്ടു. 

എന്നാൽ, കോടതിവിധി മാനിക്കുന്നെങ്കിലും പുനഃപരിശോധനാ ഹർജി നൽകുന്നത് പരിഗണനയിലാണെന്ന് എഎപി വ്യക്തമാക്കി. അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതി നേരത്തേ ശക്തമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നതാണെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിന് 6 മാസം മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളായ സിസോദിയയുടെയും സഞ്ജയ് സിങ്ങിന്റെയും അസാന്നിധ്യം എഎപിയുടെ രാഷ്ട്രീയ നീക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ കഴിഞ്ഞാൽ എഎപിയിലെ ശക്തരായ നേതാക്കളാണ് ഇരുവരും. 

ഇന്ത്യ സഖ്യത്തിനും ക്ഷീണം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ എന്തുവിലകൊടുത്തും താഴെയിറക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി. ആം ആദ്മി പാർട്ടി മുന്നണിയിലെ സുപ്രധാന ഭാഗവുമാണ്. ഇതിനിടെയാണ് വൻ തിരിച്ചടിയായി മദ്യ അഴിമതി കേസ് കത്തുന്നത്. ഇതോടെ മുന്നണിക്ക് മാത്രമല്ല ക്ഷീണം സംഭവിക്കുന്നത്. മുന്നണിയിൽ ആം ആദ്മി പാർട്ടിക്ക് സീറ്റ് വിലപേശലിനുള്ള സാധ്യതയും കുറയുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ  സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ആം ആദ്മി പാർട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടിക്കും മുന്നണിയ്ക്കും തിരിച്ചടിയായി മദ്യ നയ അഴിമതി കരുത്താർജിക്കുന്നത്. 

അണ്ണാ ഹസാരെ
അണ്ണാ ഹസാരെ

അഴിമതിക്കെതിരെ ചൂലെടുത്ത പാർട്ടി അഴിമതിയുടെ ചെളിക്കുണ്ടിലോ ?

ഡൽഹിയിലെ കോൺഗ്രസ് സർക്കാരിന്റെ അഴിമതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയത്. ഡൽഹിയിലെ കോൺഗ്രസിന്റെ അടിവേരുവരെ മാന്തിയാണ് ആം ആദ്മി പാർട്ടി  2013ൽ അധികാരം പിടിച്ചത്. കോൺഗ്രസിന്റെ തന്നെ പിന്തുണയോടെയാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയതും അരവിന്ദ് കേജ്‌രിവാൾ അധികാരമേറ്റതും. 

കോൺഗ്രസ് സർക്കാരുകളുടെ അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിലൂടെയാണ് അരവിന്ദ് കേജ്‌രിവാൾ പൊതുരംഗത്ത് സജീവമായി ചുവടുറപ്പിച്ചത്. അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് ശുദ്ധീകരണത്തിന്റെ പ്രതീകമായ ചൂല് ചിഹ്നമായി സാധാരണക്കാരുടെ പാർട്ടി രംഗത്തെത്തുകയും വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുകയും ചെയ്തു. പത്ത് വർഷത്തിനിപ്പുറം ഇതേ പാർട്ടിയുടെ ഉപമുഖ്യമന്ത്രി അഴിമതിക്കേസിൽ ജയിലിലായി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന അന്വേഷണ ഏജൻസികളുടെ വിലയിരുത്തലും പുറത്തുവരുന്നതോടെ പാർട്ടിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയായി.

aap-bjp-logo

അഴിമതി ആരോപണം ബിജെപിയുെട തിരക്കഥയോ ?

രാജ്യം ഭരിക്കുന്ന പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഭരണം ലഭിക്കാത്തത് ബിജെപിയെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഗവർണർ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ചാണ് ബിജെപി ഇതിനെ മറികടക്കുന്നത്. ഇതു കൂടാതെ നിയമനിർമാണവും നടത്തുന്നു. കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും തമ്മിലുള്ള ശീതയുദ്ധം, മദ്യ നയ അഴിമതിക്കേസിലൂടെ പുതിയ തലത്തിലേക്കെത്തി.

മനീഷ് സിസോദിയയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു എഎപിയുടെ ഇതുവരെയുള്ള വാദം. എന്നാൽ സുപ്രീം കോടതിയിൽ നിന്നും ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ കഴമ്പുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തെളിവുകൾ പൂർണമായും അന്വേഷണ ഏജൻസികൾക്ക് സമർപ്പിക്കാൻ സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും ഏജൻസികളുടെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് വിലയിരുത്തി. അതിനാൽ ബിജെപിയുെട രാഷ്ട്രീയ വിരോധം തീർക്കൽ എന്ന വാദംകൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിക്കില്ല.   

English Summary:

Delhi liquor policy case and Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com