ഗാസയിലെ അഭയാർഥി ക്യാംപിൽ വൻ സ്ഫോടനം, 100 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേലെന്ന് ഹമാസ്
Mail This Article
ജറുസലം∙ വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഒട്ടേറെ ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപിലാണ് സ്ഫോടനമുണ്ടായത്. സംഘർഷ മേഖലയിലെ ചട്ടങ്ങൾ ലംഘിച്ച് ഇസ്രയേൽ സൈന്യമാണ് അഭയാർഥി ക്യാംപിനു നേരെ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകൾ പൂർണമായും തകർന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒട്ടേറെപ്പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നൂറുകണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ചതായി ഗാസയിലെ ഇന്തൊനീഷ്യൻ ആശുപത്രി ഡയറക്ടർ ഡോ. അത്തേഫ് അൽ കഹ്‌ലൂട്ട് പ്രതികരിച്ചു.
∙ ജബലിയ അഭയാർഥി ക്യാംപ്
നഗരത്തിൽനിന്നു വടക്കു മാറി സ്ഥിതി ചെയ്യുന്ന ജബലിയ അഭയാർഥി ക്യാംപ്, ഗാസയിലെ എട്ട് അഭയാർഥി ക്യാംപുകളിൽ ഏറ്റവും വലുതാണ്. 2023 ജൂലൈയിലെ യുഎൻ കണക്കുപ്രകാരം 1,16,000 പലസ്തീനിയൻ അഭയാർഥികളാണ് അവിടെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
1948ലെ യുദ്ധം മുതലാണ് ഇവിടെ അഭയാർഥികൾ ക്യാംപിലേക്ക് എത്താൻ തുടങ്ങിയത്. ചെറുതെങ്കിലും ഒട്ടേറെ ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. 1.4 ചതുരശ്ര കിലോമീറ്ററിൽ ആയിരക്കണക്കിനു പേരാണ് തിങ്ങിപ്പാർക്കുന്നത്. ഇവിടെ 26 സ്കൂളുകളും 16 സ്കൂൾ കെട്ടിടങ്ങളുമുണ്ട്. ഇതിനു പുറമെ ഒരു ഭക്ഷണ വിതരണ കേന്ദ്രം, രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ, ഒരു ലൈബ്രറി, ഏഴ് വലിയ കിണറുകൾ എന്നിവയും ജബലിയയിലുണ്ട്.