ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കള്ളക്കേസെടുത്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ള കേസാണ് ഇതെന്ന് സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ടനീതിയും വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടുബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടുള്ള ഹീന രാഷ്ട്രീയമാണിതെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിക്കവേ അഭിപ്രായപ്പെട്ടു.

‘‘ഹമാസിന്റെ തലവൻ മലപ്പുറത്തെ റാലിയിൽ വിഡിയോ കോൺഫറൻസിൽ പറഞ്ഞത് ഹിന്ദുത്വവാദികളെ കുഴിച്ചുമൂടുമെന്നാണ്. എന്നാൽ ആ പരിപാടി നടത്തിയവർക്കെതിരെ കേസെടുക്കാതെ അതു ചൂണ്ടിക്കാണിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കുകയാണ് സർക്കാർ. രാജ്യദ്രോഹികളെ സന്തോഷിപ്പിക്കാനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. കേരളത്തിൽ ക്രമസമാധാനനില പാലിക്കുന്നതിലും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിലും പരാജയപ്പെട്ട അഴിമതിയിൽ മൂക്കറ്റംമൂടിയ പിണറായി സർക്കാർ, ഹമാസിനെ പരസ്യമായി പിന്തുണച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കള്ളക്കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

‘‘എം.കെ.മുനീർ പറഞ്ഞത് ഹമാസ് ഭീകരർ സ്വാതന്ത്ര്യസമര സേനാനികളാണെന്നാണ്. സ്വരാജ് പറഞ്ഞത് ഹമാസ് മനുഷ്യാവകാശ പ്രവർത്തകരാണെന്നാണ്. രാജ്യാന്തര ഭീകരവാദികളെ വെള്ളപൂശുന്നവർക്കെതിരെ കേസെടുക്കണം. എം.വി.ഗോവിന്ദനാണ് കളമശേരി ബോംബ് സ്ഫോടനത്തിലെ ഭീകരവാദ ബന്ധം ആദ്യമായി പറഞ്ഞത്. ഗോവിന്ദനെതിരെയാണ് കേസെടുക്കേണ്ടത്. പിണറായി വിജയൻ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സാമുദായിക ധ്രുവീകരണത്തിനു വേണ്ടി അജൻഡ സെറ്റ് ചെയ്യുകയാണ്. അതിനു പിന്നാലെ ഓടുന്ന വി.ഡി. സതീശനും സുധാകരനുമൊക്കെ നേരം വെളുക്കുക തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും.’ – സുരേന്ദ്രൻ പറഞ്ഞു.

English Summary:

K. Surendran condemned in taking case against Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com