ADVERTISEMENT

കൊച്ചി∙ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മാർട്ടിനെ റിമാൻഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു. മാർട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. തിരിച്ചറിയൽ പരേഡിനു ശേഷം കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

ഇന്നു രാവിലെ മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാർട്ടിന്റെ ഫ്ലാറ്റിലും സ്ഫോടനം നടന്ന സംറ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂൾ ഗ്രൗണ്ടിനോടു ചേർന്നാണ് മാർട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ ചെറിയ ഫ്ലാറ്റ്.

ഞായറാഴ്ച രാവിലെ 9.30തോടെയാണ് കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ 3 പേരാണ് മരിച്ചത്. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു.

dominic-martin-in-court-1
കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ (ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ)

സ്ഫോടനം പ്രതി ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മാർട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം, വധശ്രമം, ജീവഹാനിക്കും ഗുരുതരമായ പരുക്കുകൾക്കും കാരണമാകുന്ന തരത്തിലുള്ള സ്‌ഫോടനമുണ്ടാക്കൽ, ജീവഹാനിക്കു കാരണമാകുന്ന ഭീകര പ്രവർത്തനം (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം–യുഎപിഎ) തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്.

English Summary:

Kalamassery Blast: Dominic Martin brought to court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com