ചന്ദ്രശേഖറിനെതിരെ മാത്രമല്ല, എം.വി. ഗോവിന്ദനെതിരെയും കേസെടുക്കണം: എം.എം. ഹസൻ
Mail This Article
കോഴിക്കോട്∙ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഇത് ഏകപക്ഷീയ നടപടിയാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും കേസ് എടുക്കണം. കാളപെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്ത പോലെയായിരുന്നു എം.വി.ഗോവിന്ദന്റെ പരാമർശവുമെന്ന് ഹസ്സൻ പറഞ്ഞു.
ഹമാസിനെ തീവ്രവാദികൾ ആക്കുന്നവർ ചരിത്രമറിയാത്തവരാണ്. അപ്പോൾ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ എന്താണ് വിളിക്കേണ്ടത്? ഹമാസിന്റെ സായുധസേനയെ മൃഗീയമായാണ് കൊലപ്പെടുത്തുന്നത്. ശശി തരൂർ പലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്. അദ്ദേഹം ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിച്ചയാളാണ്. അതുകൊണ്ട് രണ്ടു ഭാഗത്തും സമാധാനം ആഗ്രഹിച്ചാണ് അങ്ങനെ പറഞ്ഞത്. അദ്ദേഹം പറഞ്ഞതിൽ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചു. പലസ്തീൻ നടത്തുന്ന പോരാട്ടം സ്വന്തം മണ്ണിൽ ജീവിക്കാൻ വേണ്ടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പോലെ തന്നെയാണ് അതുമെന്ന് ഹസ്സൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.