തിരഞ്ഞെടുപ്പിന് അരികെ ആളിക്കത്തി മറാഠാ പ്രതിഷേധം; ‘സംവരണത്തീ’യിൽ ഉരുകി മഹാരാഷ്ട്ര സർക്കാർ
Mail This Article
ആളിക്കത്താൻ സാധ്യതയുള്ള തീയിൽ വെള്ളമൊഴിച്ചു കെടുത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര സർക്കാർ. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മറാഠാ സംവരണം ആവശ്യപ്പെട്ട് സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ ആരംഭിച്ച സമരം സംസ്ഥാനം മുഴുവൻ വ്യാപിക്കുകയും അക്രമാസക്തമാകുകയും ചെയ്തതോടെയാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സംവരണം നൽകുന്നതിന് സർക്കാരുകൾ മുൻപും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.
11,530 പഴയ കുൻബി സർട്ടിഫിക്കറ്റുകൾ പുതുക്കി നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ചൊവ്വാഴ്ച പറഞ്ഞത്. എന്നാൽ അതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കാൻ സമരക്കാർ തയാറായിട്ടില്ല. ബിജെപിയുെട നിയന്ത്രണത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് മറാഠകളുടെ സംവരണ ആവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിൽക്കൽ എത്തിനിൽക്കുമ്പോളാണ് മറാഠാ പ്രശ്നം ഊരാക്കുടുക്കായത്.
∙ പുകഞ്ഞു തുടങ്ങിയത് 2016ൽ
കൃഷിക്കാരും മണ്ണിന്റെ മക്കളെന്നുമാണ് മറാഠകൾ വിശേഷിപ്പിക്കപ്പെടുന്നത്. കൃഷി ഉപജീവനമായതിനാൽ ഇവർക്ക് ധാരാളം കൃഷിഭൂമിയുണ്ട്. മറാഠി ഭാഷ സംസാരിക്കുന്നവരാണ് ഏറെയും. മഹാരാഷ്ട്രയുെട മൂന്നിൽ ഒന്ന് ജനസംഖ്യയും മറാഠകളാണ്. 1960 മുതൽ 20 മുഖ്യമന്ത്രിമാരുണ്ടായതിൽ 12 പേരും മറാഠ സമുദായത്തിൽ നിന്നുള്ളവരാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മറാഠ സമുദായാംഗമാണ്. കുറച്ചു കാലമായി കൃഷിത്തകർച്ചമൂലം സമുദായം വലിയ പ്രതിസന്ധി നേരിടുകയാണ്. മധ്യവർഗ വിഭാഗക്കാരായിരുന്ന പലരും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലായി. മതടി ലേബർ യൂണിയൻ നേതാവ് അണ്ണാസാഹെബ് പാട്ടീലിന്റെ നേതൃത്വത്തിൽ 1980 കളിൽത്തന്നെ സംവരണ ആവശ്യം ഉയർന്നു വന്നിരുന്നു. മഹാരാഷ്ട്രയിലെ പ്രമുഖ സമുദായമായിരുന്നിട്ടും ആറു ദശകമായി പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചില്ല. അടുത്തിടെ സാമ്പത്തികമായി സമുദായം ഏറെ പിന്നാക്കാവസ്ഥയിലായതാണ് പ്രതിഷേധത്തിന് ചൂടു പിടിക്കാൻ കാരണം. സംവരണം നടപ്പായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ജോലി തുടങ്ങിയവയിലെല്ലാം പ്രാതിനിധ്യം കൂട്ടാൻ സാധിക്കും.
2016 ലാണ് മറാഠ സംവരണ പ്രശ്നം വീണ്ടും കത്താൻ തുടങ്ങിയത്. കൊപാർഡി ഗ്രാമത്തിൽ ഒരു കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഭാജി നഗറിൽ (ഔറംഗബാദ്) മറാഠകൾ വൻ റാലി സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചു നടത്തിയ മൗനറാലിക്കു ശേഷം നേതാക്കൻമാർ ഒരു നിവേദനം കലക്ടർക്കു നൽകി. കൊപാർഡി കൊലപാതകത്തിലെ കുറ്റവാളികളെ പിടികൂടുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് ഉയർന്ന വേതനം ഉറപ്പുവരുത്തുക, കർഷകരുടെ കടം എഴുതിത്തള്ളുക, മറാഠ സംവരണം ഏർപ്പെടുത്തുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. മറാഠ ക്രാന്തി മോർച്ച (എംകെഎം) ഇതേ രീതിയിൽ വിവിധ ജില്ലകളിലായി 58 റാലികൾ സംഘടിപ്പിച്ചു. മറാഠ സംവരണം എന്ന ആവശ്യം അതോടെ വീണ്ടും ശക്തമായി. പലയിടത്തും സമരങ്ങളുമുണ്ടായി.
സംസ്ഥാനവ്യാപകമായി ഉയർന്ന പ്രക്ഷോഭത്തെത്തുടർന്ന് 2018ൽ സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇതു റദ്ദാക്കി. മറാഠ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരല്ലെന്നും സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും 2021 മേയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു. 2023 ഏപ്രിലിൽ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും അതും കോടതി തള്ളി.
∙ കുൻബി സർട്ടിഫിക്കറ്റ് രക്ഷിക്കുമോ?
മറാഠ സംവരണം നിയമപരമായി പരിഹരിക്കേണ്ടത് ആവശ്യമാണെന്നും അതിനായി സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് ഹർജി സമർപ്പിക്കുന്നതിനാവശ്യമായ നിർദേശം നൽകുന്നതിന് മൂന്നംഗം സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ചൊവ്വാഴ്ച പറഞ്ഞു. മറാഠ സമുദായത്തിന് കുൻബി ജാതി സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുമോ എന്നത് പഠിക്കാൻ നിയമിച്ച സന്ദീപ് ഷിൻഡെ കമ്മിറ്റി ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ക്യാബിനറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്രയിൽ കൃഷി ചെയ്ത് ജീവിക്കുന്ന, ഒബിസി വിഭാഗത്തിൽപ്പെടുന്ന സമുദായമാണ് കുൻബി. 11530 പഴയ കുൻബി സർട്ടിഫിക്കറ്റുകൾ പുതുക്കി നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമെടുക്കുമെന്നും ഷിൻഡെ പറഞ്ഞു.
ഇക്കാര്യം ഷിൻഡെ നേരിട്ട് മനോജ് ജരാങ്കെ പാട്ടീലിനെ ഫോണിൽ വിളിച്ച് അറിയിച്ചു. ഇതോടെ ദിവസങ്ങളായി നിരാഹാരത്തിലായിരുന്ന പാട്ടീൽ ജലം കുടിച്ചെങ്കിലും സമരം അവസാനിപ്പിച്ചിട്ടില്ല. കൃത്യമായ നടപടിയില്ലാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് മനോജ് ജരാങ്കെ പാട്ടീലും സമുദായവും.
∙ രണ്ടാം ഘട്ടം അതിതീവ്രം
ഓഗസ്റ്റിൽ ജരാങ്കെ പാട്ടീൽ ആരംഭിച്ച സംവരണസമരം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ പ്രതിരോധത്തിലായ സർക്കാർ ഒക്ടോബർ 24 നകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകി. തുടർന്ന് സെപ്റ്റംബർ 14ന് സമരം പിൻവലിക്കുകയായിരുന്നു. ആ സമയപരിധി അവസാനിച്ചിട്ടും സംവരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പാട്ടീൽ അനിശ്ചിതകാല നിരാഹാരം പുനരാരംഭിച്ചത്. വീണ്ടും ആരംഭിച്ച സമരം സർക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം തെറ്റിച്ച് മുന്നേറുകയാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കിണഞ്ഞു ശ്രമിച്ചിട്ടും പ്രശ്നം തണുപ്പിക്കാൻ സാധിക്കുന്നില്ല.
പാട്ടീൽ ആരോഗ്യനില കണക്കിലെടുക്കണമെന്ന് അഭ്യർഥിക്കുന്നുവെന്ന് ഫഡ്നാവിസ് പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മറാഠ സംവരണ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സംവരണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. 1982ൽ അന്നത്തെ മതടി ലേബർ യൂണിയൻ നേതാവ് അണ്ണാ സാഹേബ് പാട്ടീലിന്റെ നേതൃത്വത്തിലാണ് മറാത്ത സംവരണത്തിനെതിരായ ആദ്യ പ്രതിഷേധം നടന്നത്. അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ പ്രതികരണമില്ലായ്മകൊണ്ടാണ് നിരാശനായി അദ്ദേഹത്തിന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.
മറാഠ്‌വാഡയിലെ ബീഡ് ജില്ലയിൽ വ്യാപക അക്രമങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കല്ലേറും തീവയ്പും വഴിതടയലുമായി സംഘർഷഭരിതമായിരുന്നു മേഖല. 2 എൻസിപി എംഎൽഎമാരുടെയും ഷിൻഡെ പക്ഷത്തെ മുതിർന്ന നേതാവിന്റെയും വീടുകൾ കത്തിച്ച പ്രതിഷേധക്കാർ ഔറംഗാബാദിൽ ബിജെപി എംഎൽഎയുടെ ഓഫിസും ആക്രമിച്ചു. ബീഡ് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ച പൊലീസ് കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചു.
സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും പ്രശ്നത്തിന് ഉടൻ ശാശ്വതമായ പരിഹാരം കാണണമെന്നുമായിരുന്നു ജരാങ്കെ പാട്ടീൽ ഞായറാഴ്ച മുന്നറിയിപ്പു നൽകിയത്. കുൻബി സർട്ടിഫിക്കറ്റ് നൽകി മറാഠ്‌വാഡയിലെ ഒരു വിഭാഗം മറാഠകളെ ഒബിസി പരിധിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ കൊണ്ട് പ്രശ്നപരിഹാരമാകില്ലെന്നും സംസ്ഥാനത്തെ മുഴുവൻ മറാഠകൾക്കും ബാധകമാകുന്നവിധം സംവരണം പ്രഖ്യാപിക്കണമെന്നും ജരാങ്കെ പാട്ടീൽ ആവശ്യപ്പെട്ടു.
∙ തിരഞ്ഞെടുപ്പ് ആസന്നം; കീറമുട്ടിയായി മറാഠ സംവരണം
ജനസംഖ്യയുടെ 32% വരുന്ന പ്രബല സമുദായമായ മറാഠകൾ ഇടഞ്ഞതാണ് ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാർ നയിക്കുന്ന എൻസിപിയും ചേർന്നുളള ഭരണമുന്നണിയുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. എൻസിപി–ശിവസേന–കോൺഗ്രസ് സർക്കാരിനെ തകിടം മറിച്ച് അധികാരത്തിലേറിയ ഏക്നാഥ് ഷിൻഡെ സർക്കാരിനു മുന്നിലെ കീറാമുട്ടിയായി ഉയർന്നുവന്നിരിക്കുകയാണ് മറാഠ സംവരണം. ഇത്രയും നാൾ ഏറെക്കുറെ സമാധാനപരമായി മുന്നോട്ടു പോയിരുന്ന സമരം ഇപ്പോൾ പലയിടത്തും അക്രമാസക്തമായി.
ഇതിനിടെയാണ് ശിവസേന (ഷിൻഡെ വിഭാഗം) യിൽനിന്നും ബിജെപിയിൽനിന്നും എംപിമാരും എംഎൽഎമാരും രാജി പ്രഖ്യാപിച്ചത്. ഒരു ബിജെപി എംഎൽഎയും ശിവസേന (ഷിൻഡെ വിഭാഗം) എംപിയും രാജി പ്രഖ്യാപിച്ചതിനു പിന്നാലെ വിവിധ പാർട്ടികളിലെ മൂന്ന് എംഎൽഎമാർ രാജിസന്നദ്ധതയും അറിയിച്ചു. ബീഡ് ജില്ലയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ലക്ഷ്മൺ പവാറാണ് രാജിവച്ചത്.
ഇതോടെ മറാഠാ സംവരണം ഭരണകക്ഷി പാർട്ടികൾക്കുള്ളിലും വലിയ പ്രശ്നങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വൻ വോട്ടുബാങ്കായ മറാഠകളെ ചേർത്തുനിർത്താതെ ഒരു പാർട്ടിക്കും മുന്നോട്ടുപോകാൻ സാധിക്കില്ല. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയെയാണ് പ്രശ്നം രൂക്ഷമായി ബാധിക്കുന്നത്. അതിനാൽ കേന്ദ്ര സഹായത്തോടെ പരിഹാരം കാണാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.