വിദ്യാർഥികളെ കയറ്റാതെ പറപറന്ന് ബസുകൾ; റോഡിലിറങ്ങി തടഞ്ഞ് രമ്യ ഹരിദാസ്– വിഡിയോ
Mail This Article
പെരുമ്പിലാവ് ∙ തൃശൂർ പെരുമ്പിലാവിൽ പിന്നാലെ ഓടിയ വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ് രമ്യ ഹരിദാസ് എംപിയും സംഘവും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിദ്യാർഥികൾ പിന്നാലെ ഓടിയിട്ടും ബസ് നിർത്താതെ പോകുന്നതു കണ്ടാണ്, അതുവഴി പോവുകയായിരുന്ന ആലത്തൂർ എംപി കൂടിയായ രമ്യ ഹരിദാസ് പ്രശ്നത്തിൽ ഇടപെട്ടത്. ഔദ്യോഗിക വാഹനത്തിൽനിന്നും പുറത്തിറങ്ങിയ എംപി വിദ്യാർഥികളോടു കാര്യങ്ങൾ തിരക്കി.
കോളജുകൾ വിടുന്ന സമയമായതിനാൽ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസും സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. അതോടെ വിദ്യാർഥികൾക്കൊപ്പം നിലയുറപ്പിച്ച എംപി പിന്നീടു വന്ന ബസുകൾ കൈകാട്ടി നിർത്തിക്കുകയായിരുന്നു.
ഇതിനിടെ ഒരു ബസിലെ ജീവനക്കാരൻ ഇത് ദീർഘദൂര ബസ്സാണെന്നും കുട്ടികളെ കയറ്റാൻ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം വഷളായി. ജീവനക്കാരൻ എംപിയോടു കയർത്തു സംസാരിച്ചതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇടയ്ക്ക് ബസിന്റെ ഡ്രൈവർ സീറ്റിനു സമീപം ചെന്നും എംപി പ്രശ്നത്തെക്കുറിച്ച് സംസാരിച്ചു.
ഇതിനിടെ അവിടെ തടിച്ചുകൂടിയ നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഇതോടെ ജീവനക്കാർ വിദ്യാർഥികളെ ബസിൽ കയറാൻ അനുവദിച്ചു. എംപിയോടു കയർത്തു സംസാരിച്ച ബസ് ജീവനക്കാരൻ ഒടുവിൽ മാപ്പു പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. വിദ്യാർഥികളെ ബസിൽ കയറ്റാത്തതു സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടാണ് എംപി യാത്ര തുടർന്നത്.